Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കള്ളക്കളികള്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കള്ളക്കളികള്‍

By on February 28, 2015

അടിക്കടി പുതിയ മോഡലുകള്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി ആയുസ്സ് രണ്ടു വര്‍ഷത്തിലധികം ഇല്ലെന്നൊരു പൊതുബോധം സൃഷ്ടിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ ആസൂത്രിതമായ തന്ത്രങ്ങള്‍കൊണ്ട് കഴിഞ്ഞിരിക്കുന്നു. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലേക്ക് മാറാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതമാക്കുന്ന ഒട്ടേറെ കുതന്ത്രങ്ങള്‍ കമ്പനികള്‍ പ്രയോഗിക്കാറുണ്ട്

1920 കളില്‍ ആഗോള വൈദ്യുതബള്‍ബ് വിപണിയുടെ കുത്തകകളായിരുന്ന ഓസ്രാം, ഫിലിപ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് എന്നീ കമ്പനികള്‍ ഒത്തുചേര്‍ന്ന് രൂപീകരിച്ച ‘ഫീബസ് സഖ്യം’ (Phoebus Cartel ) ഒരു രഹസ്യ ഉടമ്പടിയില്‍ എത്തി. പുതിയതായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് ബള്‍ബുകളുടെ എല്ലാം ആയുസ്സ് 1000 മണിക്കൂറായി പരിമിതപ്പെടുത്തുക. അതിനായി നിര്‍മ്മാണ സാങ്കേതികവിദ്യയിലും ഘടകപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായി (എഡിസണ്‍ ഉണ്ടാക്കിയ ആദ്യകാല ബള്‍ബുകളുടെ പോലും ശരാശരി ആയുസ്സ് 1500 മണിക്കൂര്‍ ആയിരുന്നുവെന്ന് ഓര്‍ക്കുക).

ബള്‍ബുകളുടെ ആയുസ്സിലുണ്ടായ കുറവ് ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും, ‘നല്ല മിഴിവിന്റെയും ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുടെയുമെല്ലാം’ പരസ്യ വാചകങ്ങളിലൂടെ കമ്പനികളിത് നേരിട്ടു.

ഒരു ദശാബ്ദത്തിലധികം കമ്പനികള്‍ ഈ കള്ളക്കളി തുടര്‍ന്നെങ്കിലും സഖ്യത്തിനു പുറത്ത് പുതിയ കമ്പനികള്‍ ഗുണനിലവാരമുള്ളതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമായ ബള്‍ബുകളുമായി രംഗത്തെത്തിയത് ‘ഫീബസ് സഖ്യ’ത്തിന്റെ അന്ത്യം കുറിച്ചു.

ഫീബസ് സഖ്യം ആസൂത്രണംചെയ്തു നടപ്പാക്കിയ ആസൂത്രിത പ്രചാരലുപ്തതയെ ( Planned obsolescence ) അടിസ്ഥാനമാക്കി 2010 ല്‍ പുറത്തിറക്കിയ The light Bulb Conspiracy എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാണ്.

ആസൂത്രിത പ്രചാരലുപ്തത എന്നത് ഒരു പുതിയ വാക്കല്ല. ഉല്‍പ്പന്ന നിര്‍മ്മാണവേളയില്‍ തന്നെ ബിസിനസ് താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉല്‍പ്പന്നത്തിന്റെ ആയുസ്സ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെ ‘ആസൂത്രിത പ്രചാരലുപ്തത’ എന്ന് വിളിക്കാം.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങിയ സാധാരണ ഡക്‌സ്‌ടോപ്പ്/ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ഇന്നും അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാം നടത്തി എടുക്കാന്‍ കഴിയും വിധം പ്രവര്‍ത്തിക്കുന്നു. പക്ഷേ, രണ്ടു വര്‍ഷംമുമ്പ് വലിയ വിലകൊടുത്തു വാങ്ങിയ വാങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒരു ഫോണ്‍നമ്പര്‍ ഡയല്‍ ചെയ്യാനോ മെസേജ് ടൈപ്പ് ചെയ്യാനോ കഴിയാന്‍ വയ്യാത്ത വിധം ഇഴയുന്നത് മിക്കവര്‍ക്കും അനുഭവമുണ്ടാകും.

എന്തായിരിക്കാം ഇതിനു കാരണം? സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ പുതിയ ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത് വ്യക്തമായി ആസൂത്രണം ചെയ്ത ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും നിര്‍മ്മാണ വേളയില്‍തന്നെ അവയുടെ വാര്‍ധക്യനാളുകള്‍ വരെ കൃത്യമായി പദ്ധതിയിടുന്നു എന്നുമുള്ള ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്.

അഞ്ചാം തലമുറ ഐഫോണ്‍ എത്തിയപ്പോള്‍ നിലവിലുള്ള നാലാം തലമുറ ഐഫോണ്‍ ഉപയോക്താക്കള്‍ക്കുകൂടി ആപ്പിള്‍ ഐഒഎസ് 7 അപ്‌ഡേറ്റ് നല്‍കി. ആ
അപ്‌ഡേറ്റിനെത്തുടര്‍ന്ന് ഐഫോണ്‍ 4 ഉപയോഗിക്കുന്നവരില്‍ നിന്ന് വ്യാപകമായി പരാതികള്‍ ഉണ്ടായി. പക്ഷേ, ആപ്പിള്‍ അതിനോട് പ്രതികരിച്ചില്ല.

രണ്ടാം തലമുറ ഐപാഡ് ഇറങ്ങിയപ്പോള്‍ നല്‍കിയ ഐഒഎസ് 5.1.1 അപ്‌ഡേറ്റ് ഒന്നാംതലമുറ ഐപാഡിലെ സഫാരി ബ്രൗസറിനെ അടിക്കടി തകരാറിലാക്കിയത് ഒരു കേവല യാദൃശ്ചികത എന്ന് എങ്ങനെ കണക്കാക്കാനാകും?

ഇത് ആപ്പിളിന്റെ മാത്രം കാര്യമല്ല. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സാംസങ് ഗാലക്‌സി സീരീസില്‍ ഉള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യം പരിശോധിക്കുക. ഗാലക്‌സി എസ് സീരീസില്‍ ഉള്ള ഫോണുകളും, നോട്ട് സീരീസില്‍ ഉള്ള ഫോണുകളും അപ്‌ഡേറ്റുകളെ തുടര്‍ന്ന് സാധാരണ ഉപയോഗത്തിനു പോലും സാദ്ധ്യമല്ലാത്ത വിധം പഴഞ്ചനായി മാറിയെന്ന് വ്യാപകമായ പരാതികള്‍ ഉയരുന്നു.

ഫോണിന്റെ ഹാര്‍ഡ്‌വേറില്‍ കാര്യമായ കുഴപ്പങ്ങള്‍ ഇല്ലെങ്കില്‍ക്കൂടിയും നിര്‍മ്മാതാക്കള്‍ക്ക് വളരെ എളുപ്പത്തില്‍ കയ്യാങ്കളി നടത്താന്‍ കഴിയുന്ന സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റുകളിലൂടെ, സ്മാര്‍ട്ട്‌ഫോണുകളെ ഉപേക്ഷിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്ന തന്ത്രം കൂടുതലായി കണ്ടുവരുന്നു. ഡസ്‌ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍നിന്ന് വ്യത്യസ്തമായി സുരക്ഷാപഴുതുകള്‍ അടയ്ക്കാനുള്ള അപ്‌ഡേറ്റുകള്‍ പുതിയ സിസ്റ്റം അപ്‌ഡേറ്റിനോടൊപ്പം മാത്രം നല്‍കി ഉപയോക്താക്കളെ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗം തന്നെ.

ഉപയോഗത്തിനുമപ്പുറം ഉപകരണങ്ങളെ ഒരു പദവിചിഹ്നം ആക്കി മാറ്റി സ്വാഭാവികമായിത്തന്നെ പഴയവ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് പെര്‍സീവ്ഡ് ഒബ്‌സലസന്‍സ് ( perceived obsolescence ).

ഐഫോണ്‍ 6 ഉപഭോക്താവിനു മാത്രം ലഭ്യമാകുന്ന ചില അപ്ലിക്കേഷനുകള്‍, ഗാലക്‌സി എസ് 6 ല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചില ആപ്പുകള്‍ ഒക്കെ ഉദാഹണം. ഇവയെല്ലാം തീരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും മുന്‍തലമുറ ഫോണുകളിലും പ്രവര്‍ത്തിക്കുമെന്നിരിക്കെ, ബോധപൂര്‍വ്വം തന്നെയാണ് അവ നല്‍കാതിരിക്കുന്നത്.

കനംകുറഞ്ഞ ഫോണുകള്‍ പുതുമോടിയാണെങ്കിലും അവ എത്രത്തോളം ഈടുനില്‍ക്കും എന്നതിനെക്കുറിച്ച് ഉപഭോക്താക്കള്‍ ചിന്തിക്കുന്നില്ല. ഒന്നോ രണ്ടോ മില്ലീമീറ്റര്‍ കനം കുറയുമ്പോള്‍ ദൃഢതയിലും ആയുസ്സിലും വരുന്ന ആനുപാതികമായ കുറവകള്‍ ബോധപൂര്‍വ്വം കമ്പനികള്‍ മറച്ചുവയ്ക്കുന്നു.

വെറുമൊരു കൗതുകം എന്നതിലപ്പുറം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയോജനവുമില്ലാത്ത ഫീച്ചറുകളാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ പരസ്യങ്ങളിലൂടെ എടുത്തുകാട്ടപ്പെടുന്നത്.

സാംസങിന്റെ പുത്തന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫീച്ചര്‍ ആയി കൊട്ടിഘോഷിക്കപ്പെട്ട ‘പോപ് വീഡിയോ പ്ലയര്‍’ എത്രപേര്‍ ഉപയോഗിക്കുന്നുണ്ട്? ഒരു ശരാശരി ഉപയോക്താവ് ഒരിക്കലും ഉപയോഗിക്കാത്ത മറ്റൊരു ഫീച്ചര്‍ ആണ് ‘വയര്‍ലെസ് പ്രിന്റിങ്’.

‘ചക്ക്’ എന്ന് പറയുമ്പൊള്‍ ‘കൊക്ക്’ എന്നു കേള്‍ക്കുന്ന ഐഫോണിലെ ‘സിരി’, സാംസംഗ് ഗാലക്‌സി സീരീസുകളിലെ ‘സ്മാര്‍ട്ട് സ്‌ക്രോള്‍’ തുടങ്ങിയ പാതിവെന്ത ഫീച്ചറുകളും മൊബൈല്‍ ഫോണ്‍ മാറ്റാനുള്ള കാരണങ്ങളായി ആഘോഷിക്കപ്പെടുന്നു. ഏറ്റവും പുതിയ സംസങ് സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ആയ വശങ്ങളിലേക്ക് വളഞ്ഞ പ്രത്യേക സ്‌ക്രീന്‍ ഉള്ള ഗാലക്‌സി എസ്6 എഡ്ജ് ഒരു ഫാന്‍സി ഉപകരണം എന്നതിനപ്പുറം ഉപഭോക്താവിന് മറ്റൊന്നും നല്‍കുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു.

വിലയേറിയ സ്‌പെയര്‍പാര്‍ട്ടുകള്‍, ഉയര്‍ന്ന റിപ്പയര്‍ ചെലവ്
പുതു തലമുറ സ്മാര്‍ട്ട്‌ഫോണുകളില്‍ തകരാറുകള്‍ പരിഹരിക്കാവുന്ന ഭാഗങ്ങള്‍ വളരെ കുറവാണ്. റിപ്പയര്‍ ചെലവ് ആകട്ടെ പുതിയ ഫോണിന്റെ വിലയുടെ 50 ശതമാനത്തില്‍ അധികം വരും.

ഒരു പുതിയ തലമുറ ഫോണ്‍ ഇറങ്ങിയാല്‍ ഉടന്‍തന്നെ മുന്‍ തലമുറ ഫോണുകളുടെ ഘടകഭാഗങ്ങള്‍ വിപണിയില്‍നിന്ന് കമ്പനികള്‍ പിന്‍വലിക്കുന്നു. കേടുപാട് മാറ്റുന്നതിനെക്കാള്‍ നല്ലത് പുതിയ മോഡല്‍ വാങ്ങുന്നതാണെന്ന ചിന്തയിലേക്ക് ഇത് ഉപയോക്താവിനെ എത്തിക്കുന്നു.

ഇതുകൊണ്ടുതന്നെ ഇപ്പോള്‍ പലരും സ്മാര്‍ട്ട്‌ഫോണ്‍ കേടായാല്‍ അത് നന്നാക്കാന്‍ സാധ്യമാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ പുതിയ ഫോണ്‍ വാങ്ങാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

കെണിയൊരുക്കുന്ന കരാറുകള്‍
ഇന്ത്യയില്‍ അത്രപ്രചാരമില്ലെങ്കിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കുന്ന വിവിധ ഡാറ്റാ/ വോയ്‌സ് പ്ലാനുകളോടൊപ്പമാണ് പുറത്തിറക്കുന്നത്.

പുതിയ മോഡലുകള്‍ ഇറങ്ങുമ്പൊള്‍ പുതിയ പ്ലാനുകളും എത്തും. പഴയ പ്ലാനുകളില്‍ ഉള്ളവര്‍ക്ക് ആകര്‍ഷകമായ പുതിയ പ്ലാനുകളിലേക്ക് മാറാന്‍ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുക എന്ന ഒറ്റ വഴിയേ മുന്നിലുണ്ടാകൂ. ഒറ്റനോട്ടത്തില്‍ ഉപഭോക്താവിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കുന്ന കൂട്ടുകെട്ട് പദ്ധതികള്‍ പഴയ സ്മാര്‍ട്ട്‌ഫോണുകളെ ഒന്നുകൂടി പഴഞ്ചനാക്കുന്നു എന്നതാണ് വാസ്തവം.

ഹാര്‍ഡ്‌വേര്‍: ഒരു ശരാശരി ലിത്തിയം ബാറ്ററിയുടെ ആയുസ്സ് 300 മുതല്‍ 500 വരെ ചാര്‍ജ്-റീചാര്‍ജ് സൈക്കിള്‍ ആണ്. അതിനുശേഷം ബാറ്ററിയുടെ സംഭരണ ശേഷി ക്രമേണ കുറഞ്ഞുവരും. അതായത് ഏതാനും വര്‍ഷങ്ങള്‍ക്കകം ബാറ്ററി മാറ്റേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പ്.

ബാറ്ററി മാറ്റുന്നതിന് കമ്പനിയെ വീണ്ടും സമീപിക്കേണ്ട സ്ഥിതിവിശേഷം കൃത്രിമമായി സംജാതമാക്കാന്‍ ആപ്പിള്‍ ചെയ്തത് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ആണികളുപയോഗിച്ച് ബാറ്ററിയെ ഫോണുമായി ബന്ധിക്കുകയായിരുന്നു. അതായത്, ബാറ്ററി മാറ്റുന്നത് വഴിയുള്ള അധിക ചെലവിനേക്കാള്‍ ലാഭകരം പുതിയ മോഡല്‍ ഫോണ്‍ വാങ്ങുകയാണെന്നുമുള്ള തീരുമാനത്തിലേക്ക് ഉപഭോക്താവിനെ എത്തിക്കുക.

ആപ്പിളിന്റെ ഈ തന്ത്രം മോട്ടറോള, നോക്കിയ തുടങ്ങി കമ്പനികളും പിന്‍തുടര്‍ന്നു. അടിക്കടി പുതിയ മോഡലുകള്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി ആയുസ്സ് രണ്ടു വര്‍ഷത്തിലധികം ഇല്ലെന്നൊരു പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ ആസൂത്രിതമായ തന്ത്രങ്ങള്‍കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ കൊട്ടിഘോഷിക്കുന്ന പല സാങ്കേതികവിദ്യകളും പ്രായോഗിക തലത്തില്‍ അതുദ്ദേശിക്കുന്ന ഫലം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല, തെറ്റിദ്ധാരണാജനകങ്ങളായ പരസ്യവാചകങ്ങള്‍ ഉണ്ടാക്കുന്ന അമിത ആത്മവിശ്വാസം മൂലം ഉപയോക്താക്കളിലുണ്ടാകുന്ന അശ്രദ്ധയും സ്മാര്‍ട്ട്‌ഫോണുകളുടെ ആയുസ്സ് ഗണ്യമായി കുറക്കുന്നു.

നിലവിലുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലുമുള്ള ഒന്നാണ് ഗൊറില്ലാഗ്ലാസ് ( ഏീൃശഹഹമ ഏഹമ ൈ). പോറലുകള്‍ പ്രതിരോധിക്കാന്‍ കഴിവുള്ള ഗൊറില്ലാ ഗ്ലാസിന്റെ വശങ്ങള്‍ മറ്റേത് ഗ്ലാസില്‍നിന്നും വ്യത്യസ്തമല്ല. അതിനാല്‍ വശങ്ങളില്‍ കുത്തി നിലത്തുവീഴുന്ന സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളെ രക്ഷിക്കാന്‍ ഗൊറില്ലാ ഗ്ലാസിനാകില്ല. ഗൊറില്ലാ ഗ്ലാസിന്റെ റിപ്പയര്‍/റീപ്ലേസ്‌മെന്റ് കോസ്റ്റ് ആകട്ടെ ഇതര സ്‌ക്രീനുകളെ അപേക്ഷിച്ച് വളരെ കൂടുതലുമാണ്.

സ്‌ക്രൂ മുതല്‍ ചാര്‍ജിങ്/യുഎസ്ബി സോക്കറ്റുകള്‍ വരെ വക്രീകരിച്ച് പൊതുവിപണിയില്‍ ലഭ്യമല്ലാത്തവയാക്കുന്നതും മറ്റൊരു സൂത്രപ്പണിയാണ്. ആപ്പിള്‍ ഐഫോണിന്റെ ബാറ്ററിയിലെ പ്രത്യേക തരം സ്‌ക്രൂ അഴിക്കാന്‍ സാധാരണ സ്‌ക്രൂഡ്രൈവറുകള്‍ അപര്യാപ്തമാകുന്നു.

ഈ അടുത്തകാലത്താണ് അന്താരാഷ്ട്ര മാനകങ്ങള്‍ക്കനുസരിച്ച് എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും മൈക്രോ യുഎസ്ബി സോക്കറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ച് സാങ്കേതികമായി ഒരു ന്യായീകരണവും ഇല്ലാതെ, ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കണക്റ്ററുകളും കേബിളുകളും ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതില്‍ ആപ്പിള്‍ കുപ്രസിദ്ധരാണ്.

പുതിയ ഫീച്ചറുകള്‍ ഇല്ലെങ്കിലും നിലവില്‍ ഉള്ളവയുടെ ശരാശരി ഉപയോഗമെങ്കിലും ദീര്‍ഘകാലത്തേക്ക് ഉറപ്പാക്കാമെന്നിരിക്കേ വാറന്റി/കരാര്‍ കാലാവധി തീര്‍ന്നതിനുപിറകേ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗശൂന്യമാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ല.

നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്
ഓപ്പറേറ്റിങ് സിസ്റ്റം പുഷ് അപ്‌ഡേറ്റുകള്‍ സ്വീകരിക്കാതിരിക്കുക: പുഷ് അപ്‌ഡേറ്റുകള്‍ താമസിപ്പിക്കുന്നതിന് ഒരു പരിധി ഉണ്ടെങ്കിലും കഴിയുമെങ്കില്‍ ഇവ സ്വീകരിക്കാതിരിക്കുക. പ്രത്യേകിച്ചും, ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റെ പുതിയ തലമുറ ഫോണുകള്‍ വിപണിയില്‍ എത്തുന്നതിനു തൊട്ടു മുന്‍പും അതിനു ശേഷവും നല്‍കുന്ന അപ്‌ഡേറ്റുകള്‍.

അപ്ലിക്കേഷനുകള്‍: അപ്ലിക്കേഷനുകള്‍ ആവശ്യമാണെങ്കില്‍ മാത്രം അപ്‌ഡേറ്റ് ചെയ്യുക. ഓട്ടോ അപ്‌ഡേറ്റ് ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യുക. വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ അവ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മകളിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും അംഗത്വം എടുക്കുന്നത് പ്രസ്തുത ഫോണിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന അപ്ലിക്കേഷനുകളില്‍ നിന്നും അപ്‌ഡേറ്റുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സഹായകമാകുന്നു.

റൂട്ട് ചെയ്ത് ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുക: ഒഴിച്ചു കൂടാനാകാത്ത സാഹചര്യം വരികയാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണ്‍ കുറച്ചു കാലംകൂടി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു എങ്കില്‍ ഫോണ്‍ റൂട്ട് ചെയ്ത് നല്ലൊരു കസ്റ്റം സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയുമെങ്കില്‍ എല്ലാ പ്രമുഖ സ്മാര്‍ട്ട്‌ഫോണുകളും എങ്ങിനെ റൂട്ട് ചെയ്യണമെന്നും കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടവിധവും അനേകം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. സ്വയം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തുച്ഛമായ ചെലവില്‍ ഇത് ചെയ്തുതരുന്ന സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ് (റൂട്ട് ചെയ്യുന്നതിനു മുന്‍പ് ഡാറ്റാ/കോണ്ടാക്റ്റ്‌സ് ബാക്കപ്പ് മറക്കാതിരിക്കുക).

പരസ്യങ്ങളില്‍ വീണ് പഴയ ഫോണുകള്‍ ഉപേക്ഷിക്കാതിരിക്കുക: പരസ്യങ്ങളില്‍ മുങ്ങി ഒരിക്കലും ആവശ്യമില്ലാത്ത ഫീച്ചറുകള്‍ക്കായി വലിയ വിലകൊടുത്ത് പുതിയ ഫോണ്‍ വാങ്ങാതിരിക്കുക. ഉദാഹരണമായി 4ജി/എന്‍എഫ്‌സി തുടങ്ങിയ അധിക ഫീച്ചറുകള്‍ സമീപഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെങ്കില്‍ അതിനായി അധിക വിലനല്‍കി പുതിയ മോഡലുകള്‍ വാങ്ങേണ്ടതുണ്ടോ എന്ന് ആലോചിക്കുക.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരെല്ലാം തന്നെ ഇക്കാലത്ത് ബാക്ക് കവര്‍/ഫ് ളിപ് കവര്‍/ഗ്ലാസ് കവര്‍ തുടങ്ങിയവ കൂടി വാങ്ങുന്നതിനാല്‍ ഗൊറില്ലാ ഗ്ലാസ് എന്ന അധിക ഫീച്ചറിനു മാത്രമായി നല്ലൊരു തുക കൂടുതല്‍ നല്‍കുന്നതില്‍ പ്രത്യേകിച്ച് പ്രയോജനമില്ല. ഗ്ലാസ് കവര്‍ സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് മാത്രം ഇത് പരിഗണിക്കാവുന്നതാണ്.

ഇന്‍ഷൂറന്‍സ്: വെള്ളത്തില്‍ നിന്നും തീപിടുത്തത്തില്‍ നിന്നും മോഷണത്തില്‍ നിന്നും മറ്റ് അപകടള്‍ വഴിയും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കുമെല്ലാം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന സ്ഥാപനങ്ങള്‍ ധാരാളമായുണ്ട്. വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ നിബന്ധനകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കി സംശയനിവാരണം നടത്തിയതിനു ശേഷം മാത്രം ഇത്തരം ഇന്‍ഷൂറന്‍സ് പോളിസി കൂടി എടുക്കുന്നത് നന്നായിരിക്കും (കമ്പനി വാറന്റി മേല്‍പ്പറഞ്ഞ രീതിയില്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കൊന്നും ബാധകമല്ലാത്ത സ്ഥിതിക്ക്). .

കമ്പനികളുടെ സര്‍വ്വീസ് സെന്ററുകളെ അന്ധമായി വിശ്വസിക്കാതിരിക്കുക: അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിരക്ക് ആയിരിക്കും ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ പോലും ഈടാക്കുന്നത്. പ്രത്യേകിച്ച് വാറന്‍റ്റി കാലാവധി കഴിഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്.

അതിനാല്‍ ഫോണ്‍ ഉപേക്ഷിക്കുന്നതിന് മുമ്പ് രണ്ടാമതൊരു അഭിപ്രായം കൂടി ആരായുന്നത് നന്നായിരിക്കും. ബാറ്ററി മാറ്റാനാകാത്ത ഫോണുകളിലെ ബാറ്ററി, വിദഗ്ദനായ ഒരു മൊബൈല്‍ മെക്കാനിക്കിന് മാറ്റാനാകും. അല്പം കൈ നനയാന്‍ തയ്യാറാണെങ്കില്‍, ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ബാറ്ററി മാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ഉപയോഗിച്ച് സ്വയം ചെയ്യാവുന്നതുമാണ് (ഉദാഹരണം, iFixit ന്റെ ഐഫോണ്‍ ബാറ്ററി റീപ്ലേസ്‌മെന്റ് കിറ്റ്).

16411_660742

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *