Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കേരവൃക്ഷത്തിന്‍റെ ഡോക്റ്റര്‍മാര്‍… - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കേരവൃക്ഷത്തിന്‍റെ ഡോക്റ്റര്‍മാര്‍…

By on July 18, 2017

മനുഷ്യനും മൃഗങ്ങള്‍ക്കും രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഡോക്റ്റര്‍മാരുണ്ട്… എന്നാല്‍ നമ്മുടെ കല്‍പ്പവൃക്ഷമായ തെങ്ങിന് രോഗം ബാധിച്ചാല്‍ എന്തു ചെയ്യും. രോഗം ബാധിച്ച് തെങ്ങുകള്‍ നശിക്കുന്നതു വ്യാപകമായപ്പോഴാണ് കുറച്ചു ചെറുപ്പക്കാര്‍ ഒത്തു കൂടിയത്.

രോഗം വന്ന തെങ്ങുകള്‍ പരിപാലിച്ച് കായ് ഫലമുള്ളതാക്കുകയെന്നതായിരുന്നു ആദ്യഘട്ടം. 2015ല്‍ ആരംഭിച്ച ആദ്യഘട്ടത്തിന്‍റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. ആനന്ദപുരത്തെ ഗ്രാമജ്യോതി സ്വയംസഹായ സംഘത്തിന്‍റെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം.

പിജിക്കാര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ

ഗ്രാമജ്യോതി സ്വയം സഹായ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെങ്ങു പരിപാലനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ആനന്ദപുരം സ്വദേശികളായ ടി.എസ്. മനോജ് കുമാര്‍ സെക്രട്ടറിയായും കെ. നന്ദഗോപന്‍ പ്രസിഡന്‍റുമായാണ് സ്വയംസഹായ സംഘം പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്തര ബിരുദധാരികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളും വീട്ടമ്മമാരുമുണ്ട് ഈ കൂട്ടായ്മയില്‍.

കുറെക്കാലം പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷമാണ് സംഘം തെങ്ങുപരിപാലനത്തിന് ഇറങ്ങുന്നത്. തെങ്ങുകയറ്റത്തിലും കൃഷി പരിപാലനത്തിലും പരിശീലനം നേടി. പുസ്തകങ്ങളില്‍ നിന്നും കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധരില്‍ നിന്നും പ്രവര്‍ത്തി പരിചയമുള്ള കര്‍ഷകരില്‍ നിന്നും കേടു വന്ന തെങ്ങുകള്‍ പരിചരിക്കുന്നതിനുള്ള അറിവു സമ്പാദിച്ചു. തുടര്‍ന്ന് ഇതെല്ലാം പ്രവൃത്തി പദത്തിലെത്തിച്ചു.

കാര്‍ഷിക സര്‍വകലാശാലയുടേയും നാളികേര വികസന ബോര്‍ഡിന്‍റെയും പാക്കെജ് ഒഫ് പ്രാക്റ്റീസും കാര്‍ഷിക മാസികകളും വിദഗ്ധരുടെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി തെങ്ങിനു വരുന്ന എല്ലാ രോഗങ്ങളെക്കുറിച്ചും പഠിച്ചു. ഇവ ക്രോഡീകരിക്കുകയും തെങ്ങു പരിചരണത്തിനു വാര്‍ഷിക കലണ്ടര്‍ തയാറാക്കിയിട്ടുമുണ്ട്. ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തിന്‍റെ തടമെടുപ്പ്, നടീല്‍, രോഗകീട നിയന്ത്രണം, വളപ്രയോഗം, വിളവെടുപ്പ് എന്നിവയെല്ലാം ഇവര്‍ നടത്തുന്നു. നാളികേര വികസന ബോര്‍ഡ് സൗജന്യമായി ഏഴ് തെങ്ങു കയറ്റ യന്ത്രവും സംഘത്തിന് നല്‍കിയിട്ടുണ്ട്.

പുതിയ തൈകളുമായി അടുത്ത ഘട്ടം

പുതിയ തൈകള്‍ വച്ചു കൊണ്ടുള്ള തെങ്ങുകൃഷി വ്യാപനമാണ് സ്വയംസഹായ സംഘത്തിന്‍റെ അടുത്ത ലക്ഷ്യം. കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച് ഡ്വാര്‍ഫ് ആന്‍ഡ് ടോള്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കാനാണ് ശ്രമം. ഇതിനായി ജില്ലാ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. കൃത്രിമ പരാഗണത്തില്‍ പരിശീലനം നേടിക്കഴിഞ്ഞ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇവിടേക്കാവശ്യമായ സങ്കരയിനം തെങ്ങുകള്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ തേങ്ങ കൊണ്ടും തെങ്ങില്‍ നിന്നുമുള്ള ഉത്പന്ന നിര്‍മാണമാണ് ലക്ഷ്യം.

മറ്റു സ്ഥലങ്ങളിലേക്കും ജ്യോതി പകരാന്‍

എംകോം ബിരുദധാരിയായ മനോജ്കുമാര്‍ വിദേശത്തു നിന്നു തിരിച്ചു വന്ന ശേഷമാണ് പദ്ധതിക്കു തുടക്കമിടുന്നത്. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറും സഹപാഠിയുമായ നന്ദഗോപനുമായുള്ള കണ്ടുമുട്ടലാണ് കൃഷിയിടത്തിലേക്കൊരു തിരിച്ചു വരവിന് ഇടയാക്കിയതെന്ന് മനോജ് പറയുന്നു. പുരുഷന്മാരായ ഏഴു പേരാണ് തെങ്ങില്‍ കയറി പരിചരണം നടത്തുന്നത്. വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയില്‍ നിന്നാണ് ഇവര്‍ തെങ്ങുകയറ്റ പരിശീലനം നേടിയത്. വനിതാ അംഗങ്ങള്‍ നാളികേര ഉത്പന്ന നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നു. തെങ്ങു കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും അതിനായി മുന്നോട്ടിറങ്ങുന്നതും ഈ ഗ്രാമത്തില്‍ ഗ്രാമജ്യോതിയാണ്. ആനന്ദപുരത്ത് മാത്രമായൊതുങ്ങരുതെന്ന സംഘാടകരുടെ നിര്‍ബന്ധബുദ്ധി മറ്റിടങ്ങളിലേക്കും ഗ്രാമജ്യോതിയുടെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കുന്നു.

Training-Green-Army

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *