Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഓര്‍മ്മകളിലെ ഇരിങ്ങാലക്കുട ചന്ത - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഓര്‍മ്മകളിലെ ഇരിങ്ങാലക്കുട ചന്ത

By on August 31, 2017

ഇരിങ്ങാലക്കുടക്കാര്‍ക്ക് ഓണമെന്നാല്‍ ഒരിക്കലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒരിടമാണ് ഇരിങ്ങാലക്കുട ചന്ത. ഉത്രാടപാച്ചില്‍ സാധാരണയായി എല്ലാ നാട്ടുകാര്‍ക്കും തിരുവോണത്തിന്റെ തലേന്നാള്‍ ആണെങ്കിലും ഇരിങ്ങാലക്കുടക്കാര്‍ക്ക് അത് അത്തം കഴിഞ്ഞുള്ള ആദ്യത്തെ ബുധനാഴ്ചയോ ശനിയാഴ്ചയോ ആണ്.അത് കഴിഞ്ഞുവരുന്ന ചന്ത ദിവസങ്ങള്‍ പുറം നാട്ടുകാര്‍ക്കായി സ്വയം ഒഴിഞ്ഞുകൊടുക്കുന്നതാണ് ഇരിങ്ങാലക്കുടക്കാരന്റെ ചരിത്രം.

മുന്നൂറ് വര്‍ഷത്തോളം ചരിത്രമുള്ള കൊച്ചി രാജാവായ ശക്തന്‍ തമ്പുരാന്‍ സ്ഥാപിച്ച ചന്തയിലേക്കായി കടന്നുചെല്ലുമ്പോള്‍ ആദ്യം കണ്ടത് അമ്പത്തിനാലുകാരനായ ഇറച്ചിവെട്ടുകാരന്‍ ഡേവിസേട്ടന്‍ ചന്തയിലെ പഴയ ഒരു ചായകടയുടെ മുന്നിലിരിക്കുന്നതാണ്. ഞാന്‍ ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ ഡോട്ട് കോമിനു വേണ്ടി ചന്തയുടെ ഒരു സ്റ്റോറി തയ്യാറാക്കാന്‍ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ പഴങ്കഥ പറയാന്‍ അദ്ദേഹത്തിന് ഉത്സാഹമായി. ചുറ്റുമുള്ള കടകളില്‍ ചരക്കെടുക്കാന്‍ വന്നവരും കടക്കാരും ഡേവിസേട്ടന്‍റെ കൂടെ എന്നെ കണ്ടു എത്തിനോക്കി. ചിലര്‍ കഥ കേള്‍ക്കാനും പറയാനും, ഞാനും കൂടെകൂടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്തയാണ് ഇരിങ്ങാലക്കുട ചന്ത.

ഏതാണ്ട് 300ലേറെ വര്‍ഷക്കാലം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അന്നൊക്കെ രാവും പകലും ചന്ത പ്രവര്‍ത്തിച്ചിരുന്നു, ബുധനും ശനിയുമാണ് ചന്തദിവസങ്ങള്‍. കറന്റുണ്ടായിരുന്നില്ല. രാത്രികളെ അരിക്കുലാമ്പുകളും പെട്രോമാക്സും പ്രകാശിപ്പിച്ചു.ചരക്കുകള്‍ കൊണ്ടുവരുന്നതു കാളവണ്ടിയിലും കെട്ടുവള്ളങ്ങളിലുമായിരുന്നു. ഒരു ദിവസം മുന്നൂറോളം കാളവണ്ടികള്‍ ചന്തയില്‍ വന്നിരുന്നു, കാളകള്‍ക്ക് ലാടമാടിക്കുന്നതിനും വണ്ടികള്‍ക്ക് കൂട് കെട്ടുന്നതിനും കൊല്ലന്മാരും മരപ്പണിക്കാരും ചന്തയില്‍ തമ്പടിക്കും.

കൊടകര, ചാലകുടി, ആളൂര്‍, കനകമല, വെള്ളികുളങ്ങര തുടങ്ങിയ കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നും ഇവിടേയ്ക്ക് കുരുമുളക് കശുവണ്ടി പോലുള്ള മലഞ്ചരക്കുകളുമായി കര്‍ഷകര്‍ വരുമായിരുന്നു. വിലപേശി വാങ്ങുന്ന ചരക്കുകള്‍ കെട്ടുവള്ളങ്ങളില്‍ ഷണ്മുഖം കനാല്‍ വഴി കനോലി പുഴയിലൂടെ കൊച്ചിയിലെ  മാര്‍ക്കറ്റിലേക്കും പാണ്ടികശാലകളിലെക്കും അതുവഴി കടല്‍ കടന്നു യുറോപ്പിലേക്കും പോകുമായിരുന്നു.

ചരക്കു ഗതാഗതത്തിനു ജലമാര്‍ഗമായിരുന്നു  പ്രധാന വഴി. കൊച്ചി, കോഴിക്കോട്, കോട്ടപ്പുറം എന്നിവടങ്ങളില്‍ നിന്നും  കനോലിപുഴ വഴി ഷണ്മുഖം കനാലിലൂടെ വലിയ കെട്ടുവള്ളങ്ങള്‍ ഇരിങ്ങാലക്കുട ചന്തയിലെത്തി. കെട്ടുവള്ളങ്ങളില്‍‍ നിന്നും ചന്തയിലേക്ക് ചരക്കുകള്‍ തലച്ചുമടായി ചുമന്നു കയറ്റുകയും ഇറക്കുകയും ചെയ്തു.ഇതിനായി അന്നത്തെ ചുമട്ടു തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന “ചുമടുതാങ്ങി” ഇന്ന് ഓര്‍മ്മ മാത്രമായി.

കേരളത്തില്‍ നാടന്‍ ഉല്‍പ്പന്നങ്ങളും മലഞ്ചരക്കുകളും സുലഭമായി കിട്ടിയിരുന്ന പ്രധാന ചന്തയാണ് ഇരിങ്ങാലക്കുട ചന്ത. കേരളത്തിന്‍റെ അങ്ങാടി നിലവാരത്തിന്‍റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു ഇരിഞാലകുട ചന്തയിലെ വെളിച്ചെണ്ണ വ്യാപാരം. വെളിച്ചണ്ണയുടെ വില നിയന്ത്രിച്ചിരുന്നത്ഇരിങ്ങാലക്കുട ചന്തയെ ആശ്രയിച്ചായിരുന്നു എന്നത് പുതുതലമുറക്ക്‌ ഏറെ കൗതുകം തരുന്ന ഒരു കേട്ടുകേള്‍വി മാത്രമാണ്.

ഏലം, കുരുമുളക്, കശുവണ്ടി തുടങ്ങിയവയായിരുന്നു മറ്റു പ്രധാന ചരക്കുകള്‍.പലതരത്തിലും നിറത്തിലുമുള്ള ബെല്ലവും കരുപ്പെട്ടിയും തേടി അകലെ നിന്നും ആളുകള്‍ വന്നിരുന്നു. കുട്ട, തൊട്ടി തുടങ്ങിയ മുള ഈറ്റ ഉലപ്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍ കയര്‍ എന്നിവയുടെ വ്യപാരവും തകൃതിയായി നടന്നിരുന്നു. ഇവിടെ നിന്നും പുറത്തേക്ക് കെട്ടുവള്ളങ്ങളില്‍ വന്‍തോതില്‍ ചകിരി കയറ്റി അയച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളുടെ വരവോടെ ചന്തയിലെ കച്ചവടം കുറഞ്ഞു. ഇപ്പോള്‍ കല്യാണാവശ്യങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കു പോലും ചരക്കെടുക്കാന്‍ ആളുകള്‍ വരാതെയായി. കനാലിലൂടെയുള്ള ചരക്കുപോക്ക് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ നിലച്ചു.

ചെറുകിട കച്ചവടക്കാരനായ ബാബുച്ചേട്ടന്‍ കൌതുകകരമായ ഒരു കാര്യം പറഞ്ഞു, അന്ന് ചന്തയില്‍ കടകള്‍ അടച്ചിടുമായിരുന്നില്ലെത്രേ. രാവും പകലും തുറന്നു കിടക്കുമായിരുന്നു. ഇന്നത്തെപോലെ ഷട്ടറുകള്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് മരപലകകള്‍ കൊണ്ട് അടച്ചുവെക്കാന്‍ തുടങ്ങിയത്.ചരക്കുകള്‍ കളവുപോകുമെന്ന ആശങ്കയില്ലാതെ പരസ്പര വിശ്വാസത്തോടെ രാപകല്‍ ഭേദമന്യേ കടകള്‍ തുറന്നു കിടന്നു. പലപ്പോഴും രാത്രികളില്‍ ദൂരയാത്രികര്‍ക്ക് ആശ്രയമായിരുന്നു  ചന്തയിലെ തുറന്ന കടകള്‍. പണ്ടത്തെ അരി ഗോഡൌണുകളും കച്ചവടം നടന്നിരുന്ന ഓടിട്ട കെട്ടിടങ്ങളും ഡേവിസേട്ടന്‍ ചൂണ്ടികാണിച്ചു തന്നു,വിജനമായിരുന്നു ചുറ്റുവട്ടം.പണ്ടൊക്കെ ഇരിഞാലകുട ചന്തയിലെ ആളുകള്‍ കൂടുന്ന ആരവം ആളൂര്‍ വരെ എത്തുമെന്നാണ് ഡേവിസേട്ടന്‍ പറയുന്നത്.

ഓര്‍മ്മകളില്‍ കാളവണ്ടികളുടെ മണികിലുക്കം, ഷണ്മുഖം കനാലില്‍ കെട്ടുവള്ളത്തിന്‍റെ തുഴ വീണ തിരയിളക്കവുമായി ഇരിങ്ങാലക്കുട ചന്ത ഒരു സുവര്ണകാലത്തിന്റെ ഗദകാല സ്മരണകളില്‍ മയങ്ങുകയാണിന്ന്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *