Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കൈ പരത്തിയടിച്ച് ആര്‍പ്പുവിളിച്ച് ജയിച്ചുമടങ്ങാം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കൈ പരത്തിയടിച്ച് ആര്‍പ്പുവിളിച്ച് ജയിച്ചുമടങ്ങാം

By on September 7, 2017

കഥകള്‍ക്കും കെട്ടുകഥകള്‍ക്കും മിത്തുകള്‍ക്കും വിളഭൂമിയാണ് കേരളം. ചതിയുടെയും പകപോക്കലിന്റെയും ചേകവ പെരുമക്കിടയില്‍ വന്നുപെട്ട മധ്യകേരളത്തിലെ ഒരു ചതിയുടെ പോര്‍ക്കളം പിന്നിട് ഓണക്കാലത്തെ ഏറ്റവും പഴക്കമേറിയ ഓണവിനോദയത് കാലത്തിന്റെ മറിമായം

ആവേശത്തോടെ, മുഷ്ടിചുരുട്ടിയടിക്കാതെ, തിരിച്ചു നിര്‍ത്തി പുറത്ത് കൈ പരത്തിയടിച്ച്, ആര്‍പ്പുവിളിച്ച് ജയിച്ചുമടങ്ങാം… കേട്ടുപരിചയമുള്ളവര്‍ക്കും കണ്ടുപരിചയമുള്ളവര്‍ക്കും മനസ്സിലായിക്കാണും ഇത് ഓണത്തല്ലിനെകുറിച്ചാണെന്ന് എന്നാല്‍ ഇത് പാലക്കാടിന്റെ ഓണത്തല്ല് പെരുമ. തൃശ്ശൂരെത്തുമ്പോള്‍ ഇവക്ക് മാറ്റംവരും പൂര്‍ണ്ണമായും ഗുസ്തിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മല്പിടുത്തമാണ് ഇവിടത്തെ ഓണത്തല്ല് അതിനായുള്ള കളരികള്‍ വരെ തൃശ്ശൂരിലെ പലഭാഗത്തുമുണ്ട്. ഓണപ്പെട, കൈയാങ്കളിയെന്നും ഓണത്തല്ല് അറിയപ്പെടുന്നു. ഓണത്തല്ലിനുപിന്നിലെ ഐതിഹ്യം ഇങ്ങനെ: കോഴിക്കോട് സാമൂതിരിയുടെ സാമന്തരായിരുന്ന പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ കുതിരവട്ടത്തുനായര്‍ ചതിച്ചുകൊന്നു. ഇതറിഞ്ഞ് പ്രതികാരം ചെയ്യാന്‍ ദേശവാസികള്‍ തീരുമാനിച്ചു.
ഒടുവില്‍ ദീര്‍ഘകാലം നീണ്ടുനിന്ന പക സാമൂതിരിരാജാവ് ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി. ദേശവാസികള്‍ ശത്രുവിനെ പോര്‍വിളിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഓണത്തല്ല് നടത്തുന്നത്.രണ്ടുചേരികളായി തിരിഞ്ഞാണ് ഓണത്തല്ല് നടക്കുന്നത്. രണ്ടുചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ആട്ടക്കളം എന്നപേരില്‍ പ്രത്യേകം കളമുണ്ടാകും. തല്ലുതുടങ്ങുംമുന്‍പ് ഗുരുക്കന്മാരെ വണങ്ങും. പരസ്പരം ഉപചാരംചെയ്യും. ഇതിന് ‘ചേരികുമ്പിടുക’ എന്നുപറയും.ഏതെങ്കിലും ഒരുചേരിയില്‍നിന്ന് പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു.
തുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍നിന്ന് ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ‘ഹയ്യത്തടാ’ എന്നൊരാര്‍പ്പോടെ നിലംവിട്ടുയര്‍ന്ന് കളംതൊട്ടുവന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടുമുഖം നോക്കിനിന്ന് ഇരുകൈകളും കോര്‍ക്കും. പിന്നെ, കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചുവിടുവിക്കും. അതോടെ, തല്ല് തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ല് തുടങ്ങിയാല്‍ ഏതെങ്കിലും ഒരുപക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടുപോകരുതെന്ന് നിയമമുണ്ട്.കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ അരുത്. നിയമം തെറ്റിക്കുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റാന്‍ ചാതിക്കാരന്‍മാരുണ്ടാവും.

എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച മധുരൈ കാഞ്ചി യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. എന്നാല്‍ ഇപ്പോഴും മുടങ്ങാതെ ഓണത്തല്ല്‌ നടക്കുന്നത് തൃശൂരിലെ കുന്നംകുളത്തുമാത്രമാണ്.

ചിത്രങ്ങള്‍: അനൂപ് കൃഷ്ണ

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *