Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
“വെള്ള കാന്താരി” – മീൻ മുട്ട & ക്രാബ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

“വെള്ള കാന്താരി” – മീൻ മുട്ട & ക്രാബ്

By on October 4, 2017

പല ഗ്രൂപ്പിൽ നിന്നായി പല പ്രാവശ്യം വായിച്ചതുകൊണ്ടാവണം “വെള്ള കാന്താരി” എന്ന റെസ്റ്റോറന്റിൽ ഒന്നു പോയി ഭക്ഷണം കഴിക്കണം എന്ന ആഗ്രഹം തോന്നിയത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന പോലെയായി സുഹൃത്തുമൊത്തുള്ള ഇന്നലത്തെ എറണാകുളം യാത്ര. എന്നാൽ പിന്നെ ഉച്ചയൂണ് അവിടെ നിന്ന് തന്നെയാകാമെന്ന് കരുതി യാത്രയും തിരിച്ചു. കണ്ടെയിനർ റോഡിലൂടെ എറണാകുളം പോകുന്ന വഴി പൊന്നാരിമംഗലം എന്ന സ്ഥലത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.പുതുതായി വരാൻ പോകുന്ന ടോൾ പ്ലാസക്ക് അരികിലായാണ് ഈ ഹോട്ടൽ.ടോൾ പ്ലാസക്ക് തൊട്ടു മുമ്പായി വഴിയരികിലായി ധാരാളം കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ ഉറപ്പിക്കാം നിങ്ങൾ വെള്ള കാന്താരിയിൽ എത്തിയിരിക്കുന്നുവെന്ന്.

രാവിലെ ആറ് മണിക്ക് തുറന്ന്, പ്രഭാത ഭക്ഷണത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഈ ഹോട്ടലിൽ പുട്ട്, അപ്പം, ഇടിയപ്പം എന്നിവ ലഭിക്കും. ഇവക്കെല്ലാം കൂട്ടായി മീൻ കറിയും മീൻ തല കറിയുമായിരിക്കും ലഭിക്കുക!

ഏകദേശം പതിനൊന്ന് മണിയോടെ പ്രഭാത ഭക്ഷണം അവസാനിച്ച് പന്ത്രണ്ട് മണിയോടെ വൈവിധ്യമാർന്ന മീൻ തരങ്ങളോടെ വൃത്തിയുള്ള വാഴയിലയിൽ വിളമ്പുന്ന ഉച്ചയൂണ് ലഭിച്ചു തുടങ്ങും. അമ്പത് രൂപ വില ഈടാക്കുന്ന ഊണിന് രണ്ടു തരം തോരനും അച്ചാറും പപ്പടവും മോരും ഉണ്ടാകും.സ്പെ ഷ്യലായി പലതരം മീനുകൾ കൊണ്ടുള്ള വിഭവങ്ങളും ഉണ്ടാകും. കസ്റ്റമേഴ്സിന്റെ എളുപ്പത്തിന് ആവശ്യക്കാർക്ക് കണ്ട് ബോദ്ധ്യപ്പെട്ട് ഓർഡർ നൽകാവുന്ന രീതിയിൽ ഇവിടെ മീൻ വിഭവങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഒട്ടനവധി മീൻ വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കുമെങ്കിലും ഇവിടുത്തെ താരങ്ങൾ മീൻ മുട്ടയും ക്രാബ് മീറ്റുമാണെന്ന് എടുത്ത് പറയാതെ വയ്യ!
 

മീൻമുട്ടക്ക് 80 രൂപയും ക്രാബ് മീറ്റിന് 170 രൂപയും ചെമ്മീൻ ഉലർത്തിയതിന് 90 രൂപയും മീൻ പീരക്ക് 80 രൂപയും ഈടാക്കുന്നു. ഈടാക്കുന്ന വിലക്കനുസരിച്ച് അവശ്യം അളവും തരുന്നുണ്ട്.ഏകദേശം പന്ത്രണ്ട് മണിയോടെ ആരംഭിക്കുന്ന ഊണ് നാലര അഞ്ച് മണി വരെ ലഭിക്കുമെന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത.ഉച്ചയൂണ് വൈകി കഴിക്കുന്നവർക്ക് ഒരു അനുഗ്രഹം കൂടിയാണ് ഇവിടം. ഊണു തീരുന്ന മുറക്ക് ഹോട്ടൽ അടക്കും.

40 സീറ്റുകളുള്ള ഈ ഹോട്ടൽ നാല് വർഷത്തോളമായി ഇവിടെ പ്രവർത്തനമാരംഭിച്ചിട്ടെങ്കിലും ഈയടുത്താണ് ഇത്രത്തോളം പ്രസിദ്ധി നേടിയതെന്നുള്ളത് അതിശയകരമായി തോന്നി.കൊച്ചി കേന്ദ്രീകരിച്ചുള്ള, ഫുഡ് ഗ്രൂപ്പായ “eat Kochi eat”എന്ന ഗ്രൂപ്പിൽ വന്ന ചില റിവ്യുകൾ ആണത്രേ കഴിഞ്ഞ ആറുമാസമായി ഈ ഹോട്ടലിനെ ഇത്രമേൽ പ്രസിദ്ധമാക്കിയതെന്ന് ഇതിന്റെ ഉടമസ്ഥനും അവിടുത്തെ സജീവ സാന്നിദ്ധ്യവുമായ ജോൺ നന്ദിയോടെ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും പെരുമാറ്റത്തിലെ വിനയവും ജോണിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു.ജോണും ഡാഡിയും മമ്മിയും ഭാര്യയും കൂടിയാണ് ഈ ഹോട്ടൽ നടത്തി കൊണ്ടു പോകുന്നത്. ഇവരെ കൂടാതെ സ്ഥിരം മൂന്ന് ജോലിക്കാർ കൂടിയുണ്ട്. ജോലിക്കാരുടെ ലഭ്യത കുറവു കൊണ്ട് ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ സാധിക്കാറില്ലെന്ന് ജോൺ അറിയിക്കുന്നു.

പല പ്രശസ്തരുടേയും ഇഷ്ട സ്ഥലം കൂടിയാണിവിടം. സിനിമാ താരം ചെമ്പൻ വിനോദ് ഇവിടുത്തെ സ്ഥിര സന്ദർശകരിൽ ഒരാളാണ്.

സംശയങ്ങൾക്കോ മറ്റു വിവരങ്ങൾക്കോ 9745247049 എന്ന ജോണിന്റെ മൊബൈലിൽ
നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Reporter: Ferose Babu

About Jees Lazar

Leave a Reply

Your email address will not be published. Required fields are marked *