Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
1300ഓളം പേരുടെ കണ്ണുകള്‍ക്ക് വെളിച്ചം പകര്‍ന്ന് പൗലോസ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

1300ഓളം പേരുടെ കണ്ണുകള്‍ക്ക് വെളിച്ചം പകര്‍ന്ന് പൗലോസ്

By on October 12, 2017

ഇന്ന് ലോക കാഴ്ച ദിനം നേത്ര ദാനത്തിന്‍റെ മഹത്വം മറ്റുള്ളവര്‍ക്കായി പകര്‍ന്ന് പൗലോസേട്ടന്‍ 

ആളൂര്‍ : മരണം സംഭവിച്ച ഒരാളുടെ കണ്ണുകള്‍ ദാനം ചെയ്‌താല്‍ അത് രണ്ട് പേര്‍ക്ക് കാഴ്ച നല്‍കും.38 വര്‍ഷമായി മരിച്ചവരുടെ കണ്ണുകള്‍ ദാനം ചെയ്യിപ്പിയ്ക്കനായി പൗലോസ്  നടത്തിയ ശ്രമത്തിലൂടെ കാഴ്ച്ചയുടെ അനുഭവം അറിഞ്ഞത് ആയിരത്തി മുന്നൂറുപേരാണ്.

ഇരിങ്ങാലക്കുട ആളൂര്‍ പഞ്ചായത്തില്‍ താഴേക്കാട് ചിരിയത്ത് പൗലോസ് നേത്ര ദാനത്തിന്‍റെ മഹത്വം പറഞ്ഞറിയിച്ച്  മരണവീടുകളില്‍ എത്തുന്നത് ഒരു നിയോഗം പോലെയാണ്.നാല് പതിറ്റാണ്ട് കാലമായി നടത്തുന്ന ഈ കാരുണ്യ ദൗ​ത്യം 77 മത്തെ വയസ്സിലും തുടരുകയാണ് ഇദ്ദേഹം. കര്‍ഷകനായ പൗലോസ് ചെറുപ്പം മുതലേ പൊതുപ്രവര്‍ത്തന രംഗത്തും ആതുരസേവന രംഗത്തും സജീവമാണ്.താഴേക്കാട് ഇടവകയിലെ വിന്‍സെന്‍റ് ഡി.പോള്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരിക്കെ നേത്രദാന ബോധവല്‍ക്കരണ ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്നു. മരണപ്പെട്ടാല്‍ കണ്ണുകള്‍  ദാനം ചെയ്യുന്നതോടെ ആ കണ്ണുകള്‍ പിന്നെയും അനേകകാലം ജീവിയ്ക്കുന്നുവെന്നത് ഏറ്റവും മഹത്തരമായി തിരിച്ചറിഞ്ഞ പൗലോസ്‌ പിന്നീട് മരണവീടുകളില്‍ ചെല്ലുമ്പോള്‍ അവകാശികളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. താന്‍ സമീപിച്ചവരെല്ലാം   അവരുടെ പ്രിയപ്പെട്ടവരുടെ കണ്ണുകള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചു. ഇക്കാര്യം അങ്കമാലിയിലെയും മറ്റ് കണ്ണാശുപത്രിക്കാരെയും അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണുകള്‍ എടുക്കാനുള്ള ഏര്‍പ്പാടുകള്‍ക്ക് പൗലോസ്‌ മുന്‍കൈഎടുക്കും.

പൗലോസിന്‍റെ സേവന സന്നദ്ധത മനസ്സിലാക്കിയ എല്ലാവരും പിന്തുണച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ ചുറ്റുവട്ടങ്ങളിലോ അറിവിലോ ആരെങ്കിലും മരിച്ചാല്‍ പൗലോസിനെ വിവരമറിയിക്കും.രാത്രിയോ പകലോ എന്നില്ലാതെ മണിക്കൂറുകള്‍ക്കകം പൗലോസ് മരണവീട്ടിലെത്തും. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ  ദുഃഖത്തിലിരിയ്ക്കുന്ന അവകാശിയെ ഒട്ടും പരിചിതനല്ലാത്ത പൗലോസ് അടുത്ത് ചെന്ന് കണ്ട് സംസാരിയ്ക്കും. ജാതിയോ മതമോ നോക്കാതെ  എല്ലാ മരണവീടുകളിലും പൗലോസ് തന്‍റെ സേവനദൗ​ത്യവുമായി എത്തും. ഏതെങ്കിലും യാത്രക്കിടെ വീടുകളില്‍ ആള്‍ക്കൂട്ടം കണ്ടാല്‍ പൗലോസ് കാര്യമന്വേഷിയ്ക്കും.മരണവീടാണെന്ന് മനസ്സിലാക്കിയാല്‍  കാരുണ്യത്തിന്റെ ദൂതനായി  കയറിച്ചെന്ന് നേത്രദാനത്തിന്‍റെ മഹത്വം അവരുടെ ഹൃദയത്തിലേയ്ക്ക് പകരും. ഞങ്ങളുടെ പ്രിയപ്പെട്ടയാള്‍ മരിച്ചുകഴിഞ്ഞാല്‍ കണ്ണുകള്‍ കൊണ്ട് പൊയ്ക്കോളൂ എന്ന് മരണാസന്നയില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ പൗലോസിനെ മുന്‍കൂട്ടി അറിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ജില്ലയിലും സമീപ ജില്ലയിലുമായി ഇതുവരെ 650 ലധികം പേരുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ പൗലോസിന്‍റെ ശ്രമത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. 9 വയസ്സുള്ള കുട്ടിയുടെ മുതല്‍ 90 വയസ്സുള്ളവരുടെ ഉള്‍പ്പടെ വിവിധ പ്രായത്തിലുള്ളവരുടെ കണ്ണുകള്‍ എടുത്തിട്ടുണ്ട്.വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിദ്യാലയങ്ങളിലും  നടത്തുന്ന നേത്രദാന ബോധവല്‍ക്കരണങ്ങളിലും  പൗലോസ് സജീവമാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഒട്ടേറെ പുരസ്കാരങ്ങളും അനുമോദനങ്ങളും   ഇദ്ദേഹത്തെ തേടിയെത്തി. വാര്‍ധക്യത്തിന്റെ അവശതകള്‍  മറന്ന് കണ്ണില്ലാത്തവര്‍ക്ക് വെളിച്ചം പകരാന്‍ വിശ്രമമില്ലാത്ത യാത്രയിലാണ് പൗലോസ് .

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *