Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഇരിങ്ങാലക്കുടയുടെ വ്യവസായ പാര്‍ക്ക് ഒരു സ്വപ്നം മാത്രം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഇരിങ്ങാലക്കുടയുടെ വ്യവസായ പാര്‍ക്ക് ഒരു സ്വപ്നം മാത്രം

By on October 12, 2017

ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ അന്വേഷണം പാര്‍ട്ട്‌ – 1 

സംസ്ഥാനത്തിന്റെ വ്യവസായഭൂപടത്തില്‍ ഇരിങ്ങാലക്കുടയും സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വ്യവസായപാര്‍ക്കിന്റെ നടപടികള്‍ അനിശ്ചിതത്വത്തില്‍. വ്യവസായപാര്‍ക്കിനും കിന്‍ഫ്രാപാര്‍ക്കിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ കഴിയാത്തതാണ് പദ്ധതി ഇനിയും യാഥാര്‍ഥ്യമാകാത്തതിന് കാരണം.  നേരത്തേ തണ്ണീര്‍ത്തടങ്ങള്‍ നികത്തി ഇതിനാവശ്യമായ ഭൂമി ലഭ്യമാക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും അത് ഫലപ്രദമായില്ല. പദ്ധതി യാഥാര്‍ഥ്യമാകാന്‍ സര്‍ക്കാരിന് നൂറേക്കറോളം കരഭൂമി വേണമെന്നാണ് പറയുന്നത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഇത്രയും സ്ഥലം കണ്ടെത്തുകയാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് ഇരിങ്ങാലക്കുടമേഖലയുടെ വന്‍ സാമ്പത്തികമുന്നേറ്റത്തിനുതകുന്ന കിന്‍ഫ്ര വ്യവസായപാര്‍ക്ക് പദ്ധതിയും പടിയൂര്‍ വില്ലേജിലെ വ്യവസായപാര്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 2014ലെ ബജറ്റില്‍ 20 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.

 

പ്രതീക്ഷകള്‍ പ്രതിബന്ധങ്ങള്‍

ആയിരംകോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ പ്രതീക്ഷിച്ചിരുന്നത്. ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പടിയൂര്‍ പഞ്ചായത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെട്ട സ്ഥലം വ്യവസായപാര്‍ക്കിനായി കണ്ടെത്തിയത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പടിയൂര്‍ പഞ്ചായത്തിന് സാമ്പത്തിക ഉയര്‍ച്ചയുണ്ടാകുമെന്നും കരുതിയിരുന്നു. പരിസ്ഥിതിസൗഹൃദമായ ഒരു വ്യവസായപാര്‍ക്കാണ് വിഭാവനം ചെയ്തിരുന്നത്. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ പദ്ധതിയെ ബാധിച്ചു. 2016 ഫെബ്രുവരിയിലാണ് തുടര്‍നടപടികള്‍ ആരംഭിച്ചത്. പദ്ധതിക്കാവശ്യമായ സ്ഥലം നികത്താന്‍ സെന്‍ട്രല്‍ വാട്ടര്‍ റെഗുലേറ്ററി അതോറിട്ടിയുടെ അനുമതി ആവശ്യമാണെന്നായിരുന്നു കൃഷിവകുപ്പിന്റെ നിലപാട്. ഈ പ്രദേശത്ത് ‘ റംസാര്‍ ‘ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതിയോടെ വേണം പദ്ധതി നടപ്പാക്കാനെന്നും കൃഷിവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. പരിസ്ഥിതിനിയമ തടസ്സമൊഴിവാക്കാന്‍ ‘റംസാര്‍’ നിബന്ധനകളില്‍ ഇളവുനല്‍കി റവന്യൂവകുപ്പ് സ്ഥലമെടുപ്പ് നടത്തണമെന്ന വ്യവസായവകുപ്പിന്റെ നിര്‍ദ്ദേശം അന്നത്തെ മന്ത്രിസഭ അംഗീകാരിക്കുകയും ചെയ്തു. മുകുന്ദപുരം താലൂക്കില്‍ എടത്തിരിഞ്ഞി വില്ലേജില്‍ കിന്‍ഫ്രയുടെ അധീനതയില്‍ 80 ഏക്കര്‍ സ്ഥലത്ത് കിന്‍ഫ്ര വ്യവസായപാര്‍ക്ക് സ്ഥാപിക്കുന്നതിന് 2012 മാര്‍ച്ച് 27ന് നല്‍കിയ അംഗീകാരത്തിന്റെ അനുബന്ധമായാണ് ‘റംസാര്‍’ ഇളവുകളോടെയുള്ള സ്ഥലമെടുപ്പിന് മന്ത്രിസഭാ യോഗം പ്രത്യേക അനുമതി നല്‍കിയത്. പടിയൂര്‍ വില്ലേജിലെ വ്യവസായപാര്‍ക്ക് പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാനും നടപടികള്‍ പൂര്‍ത്തിയാക്കിരുന്നു. സ്റ്റാര്‍ട്ട് അപ്പ്, ഇന്‍ക്യുബേഷന്‍ സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനവും പദ്ധതി ലക്ഷ്യമിട്ടിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും മറ്റുകാര്യങ്ങള്‍ നേരിട്ടറിയാനും വ്യവസായവകുപ്പു ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചിരുന്നു. സ്ഥലമെടുപ്പു നടപടികളുമായി മുന്നോട്ടുപോയ പദ്ധതി പിന്നെ പതുക്കെ നിശ്ചലമാവുകയായിരുന്നു.

 

പദ്ധതിയുടെ ഭാവി 

എല്‍.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും സജീവമായിരുന്നുവെങ്കിലും. എന്നാല്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിക്കൊണ്ട് പദ്ധതിവേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏതുഭാഗത്തായാലും അമ്പതുമുതല്‍ നൂറേക്കര്‍ വരെ സ്ഥലം ലഭ്യമാകുന്ന എവിടെയും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിനുള്ള എല്ലാ പിന്തുണയും വ്യവസായമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. പറഞ്ഞു. സ്ഥലം ഏറ്റെടുത്താല്‍ ഉടന്‍തന്നെ പദ്ധതിയാരംഭിക്കാന്‍ വേണ്ടനടപടി സര്‍ക്കാര്‍ എടുക്കുമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കരഭൂമിയായി നൂറേക്കര്‍ ലഭ്യമാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *