Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മലയാളത്തിന്റെ ഇതിഹാസ നോവല്‍ രണ്ടാമൂഴം യുഗാന്തയുടെ മലയാളം പതിപ്പുമാത്രമോ ?? - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മലയാളത്തിന്റെ ഇതിഹാസ നോവല്‍ രണ്ടാമൂഴം യുഗാന്തയുടെ മലയാളം പതിപ്പുമാത്രമോ ??

By on October 13, 2017

ഇരാവതി കാര്‍വെയുടെ ‘യുഗാന്ത -ദ എന്‍ഡ്‌ ഓഫ്‌ അന്‍ എപോക്ക്‌’ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ..?  ഇല്ലെങ്കില്‍ സമയം കിട്ടുമ്പോള്‍ ഒന്ന് വായിക്കണം.

നരവംശശാസ്ത്രജ്ഞയായ ഇരാവതി കാര്‍വെയുടെ ‘ഭാരതപര്യടന’മാണ്‌ യുഗാന്ത – ദ എന്‍ഡ്‌ ഓഫ്‌ അന്‍ എപോക്ക്‌. മഹാഭാരത കഥാപാത്രങ്ങളെയും ആ കാലഘട്ടത്തിലെ സാമൂഹ്യ ജീവിതത്തെയും ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കുന്ന കാര്‍വെ അതിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്‌ ഭണ്ഡാത്കര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ടിന്റെ സംശോധിത മഹാഭാരതമാണ്‌.

ഇടയ്ക്കൊക്കെ അവര്‍ സ്വന്തം ഭാവനയിലൂടെ പാത്രങ്ങളെയും സംഭവങ്ങളെയും പുന:സൃഷ്ടിക്കുന്നുണ്ട്‌.

1967ല്‍ മറാത്തിയില്‍ പ്രസിദ്ധപ്പെടുത്തിയ ‘യുഗാന്ത’യ്ക്ക്‌ അക്കൊല്ലത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു.

”നോക്കൂ. അവള്‍ വീണു” ഭീമന്‍ പറഞ്ഞു.

“എന്താണവള്‍ വീണത്‌?”

“ഭീമ! നടക്കൂ” അവള്‍ അര്‍ജ്ജുനനെയാണ്‌ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ അവള്‍ വീണത്‌. ധര്‍മ്മജന്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. ദ്രൗപദി, സഹദേവന്‍, നകുലന്‍, അര്‍ജ്ജുനന്‍, ഭീമന്‍ എല്ലാവരും വീണു. ധര്‍മ്മപുത്രര്‍ മാത്രം ഒരു പട്ടിയോടൊപ്പം മുന്നോട്ടുപോയി.  (‘യുഗാന്ത’ യിലെ ദ്രൗപദി എന്ന അധ്യായത്തിന്റെ അവസാന ഭാഗമാണീ രംഗം )

കാര്‍വെ അധ്യായം അവിടെ അവസാനിപ്പിക്കുന്നില്ല. ഇവിടെ ഒരടിക്കുറിപ്പിലൂടെ അവര്‍ പറയുന്നു “ഇതുവരെയുള്ള വിവരണങ്ങള്‍ മഹാഭാരതത്തിന്റെ സംശോധിത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. തുടര്‍ന്നു വരുന്നതാകട്ടെ എന്റെ കൈകുറ്റപ്പാടും.”   ഇങ്ങനെ ഒരു വിശദ്ധീകരണം നല്‍കിയ ശേഷമാണ് ഗ്രന്ഥകര്‍ത്താവ് സ്വന്തം ഭാവനയിലുള്ള ദ്രൗപദിയുടെ ചിന്തകളുടെ വനവാസകാലത്തെ കുറിച്ച് വായനക്കാരനെ ബോധ്യപ്പെടുത്തുന്നത്.

ഇതൊരു മര്യാദയാണ്, എഴുത്തിന്റെ വഴിയില്‍ തൂലികയെ  ദൈവമായി കരുതിപ്പോരുന്ന സാഹിത്യകാരന്‍മാര്‍ മുറുകെപ്പിടിക്കുന്ന ധര്‍മ്മം.  അവലംബമായതും ആശ്രയമായതും പ്രേരണയായതും കടംകൊണ്ടതുമായ ആശയങ്ങളോടും അക്ഷരങ്ങളോടും എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന മാനുഷികമായ കടപ്പാട്. ഇന്നിന്റെ പല സാഹിത്യദൈവങ്ങളും പറയാന്‍ മടിക്കുന്ന രസിക്കാത്ത സത്യം.

കാര്‍വെയുടെ യുഗാന്ത എന്ന കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ കൃതിയേയും കഥാസന്ദര്‍ഭങ്ങളേയും  പല സമയങ്ങളിലായി പല സ്ഥലങ്ങളില്‍ നാം പിന്നീട് കാണുകയുണ്ടായി. അതിലൊരു സ്ഥലം മാത്രമായിരുന്നു എംടിയുടെ രണ്ടാമൂഴം.  യുഗാന്തയില്‍ കാര്‍വെ പറഞ്ഞത് തന്നെയാണ് രണ്ടാമൂഴത്തിലും വായിക്കപ്പെട്ടത്.  പക്ഷെ യുഗാന്തയിലുള്ളതെല്ലാം രണ്ടാമൂഴത്തിലുമുണ്ട്, യുഗാന്തയിലില്ലാത്ത ചിലതുകൂടി ഉണ്ടെന്നു മാത്രം.

പല സ്ഥലങ്ങളിലായി ഈയൊരു സാദൃശ്യം രണ്ടുപുസ്തകങ്ങളിലുമായി നമുക്ക് കാണാന്‍ കഴിയും. ഉദാഹരണമായി ഒരു ചെറിയ രംഗം സൂചിപ്പിക്കാം…

പാണ്ഡവരുടെ മഹാപ്രസ്ഥാനത്തില്‍ നിന്നാണ്‌ രണ്ടാമൂഴത്തിന്റെ തുടക്കം. വീണു കിടക്കുന്ന ദ്രൗപദിയുടെ മുഖത്തു നോക്കിയിരുന്ന് ഭീമന്‍ ആലോചിക്കുന്ന മട്ടിലാണല്ലോ രണ്ടാമൂഴത്തിന്റെ ഘടന. പാണ്ഡവര്‍ എന്നു വെച്ചാല്‍ പാണ്ഡുവിന്റെ പുത്രന്മാര്‍. ‘ഷണ്ഡന്‍’ പാണ്ഡുവിന്റെ മക്കള്‍ എന്ന് ഭീമന്‍ തന്നെ രണ്ടാമൂഴത്തിലൊരിടത്ത്‌ പറയുന്നുണ്ട്‌. രണ്ടാമൂഴം പാണ്ഡുവിനെ ഷണ്ഡനായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. മഹാഭാരതത്തില്‍ അങ്ങനെ പറയുന്നില്ല. മഹാഭാരതപ്രകാരം കുന്തി സ്വയംവരപന്തലില്‍ സ്വേച്ഛയാ വരിച്ചതാണ്‌ പാണ്ഡുവിനെ. ഒരു മുനിശാപമാണ്‌ ഭാര്യാസംയോഗങ്ങളില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നത്‌. ശാപകഥ അപനിര്‍മ്മിച്ച്‌ പണ്ഡുവിനെ ഷണ്ഡനായി പ്രഖ്യാപിച്ചതിന്റെ ബഹുമതി മലയാള വായനക്കാര്‍ വാസുദേവന്‍ നായര്‍ക്ക്‌ നല്‍കിയിരിക്കുകയാണ്‌. പക്ഷേ ഇത്തരമൊരു നിഗമനത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത്‌ ഇരാവതി കാര്‍വെ തന്നെയാണ്‌. യുഗാന്തയിലെ കുന്തി എന്ന അദ്ധ്യായത്തില്‍ നിന്ന്.

“Her adoptive father gave her in marriage to an IMPOTENT MAN; and all the rest of her sorrows were a result of this union.” (Page 43- Ibid, emphasis added). ശാപകഥയെക്കുറിച്ച്‌ കാര്‍വെ പറയുന്നു” “The whole narrative seems to be a later addition which tried to hide some congenital defect in the father of heroes” (P-43). രാജ്ഞിമാരൊരുമിച്ച്‌ കാട്ടില്‍ ദീര്‍ഘനാള്‍ മൃഗയാ വിനോദം നടത്തി താമസിക്കുന്നതിലെ അനൗചിത്യം വാസുദേവന്‍ നായര്‍ സൂചിപ്പിക്കുന്നുണ്ട്‌. അങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രായമായിട്ടില്ലാത്ത കൊച്ചുകുട്ടിയായ ഭീമന്റെ ചിന്തകളിലൂടെ, കാര്‍വെയുടെ പുസ്തകത്തിലുമുണ്ട്‌, ഈ അനൗചിത്യത്തെക്കുറിച്ചുള്ള പരാമര്‍ശം.(P.44)

 

ഷണ്ഡന്‍ പാണ്ഡുവിന്റെ പുത്രന്മാരില്‍ ഏറ്റവും മൂത്ത മൂന്നുപേരുടെ പിതൃത്വം കണ്ടെത്തിയതായിരുന്നു രണ്ടാമൂഴത്തിന്റെ ഒരു മൗലിക സംഭാവനയായി കരുതപ്പെട്ടിരുന്നത്‌. ഇവിടെയും ഇരാവതി കാര്‍വെ ആ ദൗത്യം മുമ്പുതന്നെ നിര്‍വ്വഹിച്ചിരുന്നു. യുഗാന്തയിലെ Father and Son എന്ന അധ്യായം വിദുരന്‍ എന്ന മഹാഭാരത കഥാപാത്രത്തിന്റെ സ്വഭാവപഠനം മാത്രമല്ല. അദ്ദേഹം എന്തുകൊണ്ട്‌ ധര്‍മ്മിഷ്ഠനായ ഒരു മകന്റെ ഉല്‌പത്തിക്കായി നിയോഗിക്കപ്പെട്ടു. എന്തുകൊണ്ട്‌ പിന്നീട്‌ ആ നിയോഗമുണ്ടായില്ല എന്നെല്ലാമുള്ള പ്രശ്നങ്ങള്‍ അതിവിദഗ്ദമായി അപഗ്രഥിക്കപ്പെട്ടിരിക്കുന്നു, ഈ അധ്യായത്തില്‍. യുധിഷ്ഠിരന്റെ പിതൃത്വം വിദുരരില്‍ ആരോപിക്കുന്നതില്‍ മാത്രമല്ല, വിദുര-യുധിഷ്ഠിര ബന്ധത്തിന്റെ പ്രത്യേകതകളുടെ കാര്യത്തിലും ഈ അധ്യായവും രണ്ടാമൂഴത്തിലെ പ്രസക്ത ഭാഗങ്ങളും തമ്മില്‍ അത്ഭുതകരമായ സാദൃശ്യമുണ്ട്‌.

ഇനിയുമുണ്ട് ഇതുപോലെ അനവധി മുഹൂര്‍ത്തങ്ങള്‍..

ഖാണ്ഡവദഹനത്തില്‍ നശിപ്പിക്കപ്പെട്ട പക്ഷിമൃഗാദികളെയും മറ്റും പറയുന്ന കൂട്ടത്തില്‍, യുഗാന്തയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട്‌. “If you spared an animal today, you could always kill it tomorrow. But if you spared a human being, he would in the course of time acquire certain rihts. There was indeed great danger in sparing the lives of those who owned the land.”(P.105)

രണ്ടാമൂഴത്തിലെ ഒട്ടധികം പ്രശംസ പിടിച്ചു പറ്റിയ ചില വാക്യങ്ങള്‍ കാണുക.

“ശത്രുവിനോട്‌ ദയ കാട്ടരുത്‌. ദയയില്‍ നിന്ന് കൂടുതല്‍ കരുത്ത്‌ നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ്‌ ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം.

മനുഷ്യന്‌ രണ്ടാമതൊരവസരവും കൊടുക്കരുത്‌.”

ഒരേ ആശയം തന്നെയാണ്‌ രണ്ടിലും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആവിഷ്ക്കാരത്തിന്റെ മൗലികത ആര്‍ക്കവകാശപ്പെട്ടതാണെന്നും. ‘യുഗാന്ത’യിലെ ‘പരധര്‍മ്മോ ഭയാവഹ!’ എന്ന അദ്ധ്യായം ഇത്തരുണത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. മഹാഭാരതത്തിലെ ക്ഷത്രിയധര്‍മ്മം സ്വീകരിച്ച ബ്രാഹ്മണരെക്കുറിച്ചൊരു വിശദ വിശകലനമാണ്‌ ആ അദ്ധ്യായം. അതില്‍ പറയുന്നതു പോലും അതേപോലെ രണ്ടാമൂഴത്തിലും കാണാം. ഉദാഹരണത്തിന്‌:

രണ്ടാമൂഴം ‘കൊടുങ്കാറ്റിന്റെ ധര്‍മ്മം’ എന്ന രണ്ടാം ഭാഗത്തിന്റെ നാലാം ഖണ്ഡത്തില്‍ വൃദ്ധനായ ഹസ്തിപന്‍ പറയുന്നു: “ജപഹോമങ്ങള്‍ നടത്തി വേദം പഠിപ്പിച്ചിരിക്കേണ്ട ബ്രാഹ്മണര്‍ ക്ഷാത്രം നേടിയാല്‍ തീര്‍ന്നു. .. ക്രൂരത പിന്നെ ക്ഷത്രിയന്മാര്‍ അവരില്‍ നിന്ന് കടം കൊള്ളേണ്ടിവരും ..”

ദ്രൗപദിയെ കൃത്യയായി കല്‍പിച്ചുകൊണ്ടുള്ള ഒരു ജൈന പുരാണ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌, ഇരാവതി കാര്‍വെ;

“കൃതയുഗത്തില്‍ രേണുകയായിരുന്ന കൃത്യ

സത്യ യുഗത്തില്‍ സീത കൃത്യയായിരുന്നു

ദ്വാപരയുഗത്തിലാവട്ടെ കൃത്യയായത്‌ ദ്രൗപദി

കലിയുഗത്തിലോ! ഓരോ ഭവനത്തിലും ഓരോ കൃത്യയുണ്ടാകും (P.84)

രണ്ടാമൂഴത്തിലെ പ്രസിദ്ധമായ വിവരണം: “ആഭിചാരക്രിയകളുടെ മന്ത്രങ്ങള്‍ ആവാഹിച്ചു വരുത്തുന്ന ഒരു രക്ഷാദേവതയെപ്പറ്റി കേട്ടിട്ടുണ്ട്‌, കൃത്യ. ദ്രൗപദി കൃത്യയെപ്പോലെ ശാപത്തിന്റെ വിത്തുകള്‍ കൈയ്യിലും നാശത്തിന്റെ തീപ്പൊരികള്‍ കണ്ണിലുമായി നില്‍ക്കുകയാണെന്ന് തോന്നി.(P.218).

സാദൃശ്യങ്ങള്‍ ഇനിയുമുണ്ട്‌. യുഗാന്തയിലെ നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്ന പലതും നോവലിന്റെ പിന്‍കുറിപ്പായി ചേര്‍ത്തിട്ടുള്ള ‘ഫലശ്രുതി’യിലും കാണാം.

എംടിയുടെ രണ്ടാമൂഴത്തിന്റെ രചനയ്ക്ക്‌ അദ്ദേഹത്തിന് സഹായകമായിത്തീര്‍ന്ന പൂര്‍വ്വഗ്രന്ഥങ്ങളെയും ഗ്രന്ഥകര്‍ത്താക്കളെയും കുറിച്ചുള്ള ‘ഫലശ്രുതി’യിലെ വിവരണങ്ങളില്‍ പക്ഷെ യുഗാന്തയും ഇരാവതി കാര്‍വെയും പരാമര്‍ശിക്കപ്പെടുന്നതേയില്ല.

സത്യത്തില്‍ മലയാള സാഹിത്യത്തിലെ ഹിമാലയം തന്നെയായ എംടിയുടെ രണ്ടാമൂഴത്തിലൂടെ നാം കബളിപ്പിക്കപ്പെടുകയായിരുന്നു. വേലക്കാരിയെ കാണിച്ച് മകളെ കെട്ടിച്ചതുപോലെ  മഹാഭാരതം ആണെന്നു പറഞ്ഞ് ഇരാവതി കാര്‍വെയുടെ ‘യുഗാന്ത -ദ എന്‍ഡ്‌ ഓഫ്‌ അന്‍ എപോക്ക്‌’ എന്ന കൃതിയിലെ കഥാതന്തുവാണ് രണ്ടാമൂഴത്തിലൂടെ നാം വായിച്ചത്.

വിശകലനം : അനീഷ് , R.S.കുറുപ്പ്

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *