Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഹര്‍ത്താല്‍ ഒരു അവലോകനം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഹര്‍ത്താല്‍ ഒരു അവലോകനം

By on October 16, 2017

നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഇറങ്ങി പുറപ്പെടുന്ന സര്‍ക്കാരുകള്‍ക്കും രാഷ്ട്രിയ പാര്‍ട്ടികളും അത്  ഒരു പ്രഹസനം മാത്രമെന്ന് അടിവരയിടുകയാണ്  ഹര്‍ത്താലുകള്‍ കൊണ്ട്. ജനഹിതം പ്രകടിപ്പിക്കാനെന്ന പേരില്‍ രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ഹര്‍ത്താലുകള്‍ ജനദ്രോഹമായിത്തീരുന്നതാണ് പതിവ് സ്വാതന്ത്ര്യസമരകാലത്ത് തീവ്രമായ പ്രതിഷേധത്തിന്റെ സൂചകമായി ആരംഭിച്ച ഈ സമരമുറ തീരെച്ചെറിയ കാര്യങ്ങളുടെ പേരില്‍പ്പോലും എടുത്തുപ്രയോഗിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയകക്ഷികളുടെ ശീലം. പ്രാദേശികം തൊട്ട് താലൂക്ക്-ജില്ല-സംസ്ഥാന തലങ്ങള്‍ വരെയുള്ള പലതരം ഹര്‍ത്താലുകള്‍ കേരളീയര്‍ക്കു ശീലമായിക്കഴിഞ്ഞു. വിദ്യാര്‍ഥികളും തൊഴിലാളികളും യാത്രക്കാരും രോഗികളുമുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്ക് അത്യധികം വിഷമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ഹര്‍ത്താലും വിജയകരമായി പര്യവസാനിക്കുന്നത്. തങ്ങളുടെ പ്രതിഷേധത്തിന്റെ വിജയമാഘോഷിക്കുന്ന രാഷ്ട്രീയകക്ഷികള്‍ അതുമൂലം ബുദ്ധിമുട്ടിയ ജനങ്ങളുടെ വിഷമങ്ങളെപ്പറ്റി ആലോചിക്കാറില്ല.

ഇന്ന് സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിന് ഒരു പ്രത്യേകതയുണ്ട്. 10 മാസത്തിനിടയിലെ 100 മത്തെ ഹര്‍ത്താലാണ് ഇത്. ജനുവരി ഒന്ന് മുതല്‍ 280 ദിവസങ്ങളില്‍ 99 ലും കേരളത്തില്‍ ഹര്‍ത്താലായിരുന്നു. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയായ ‘സേ നോ ടു ഹര്‍ത്താല്‍’ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം നാലിലേറെ ഇടങ്ങളില്‍ ഒരേ ദിവസം ഹര്‍ത്താല്‍ നടന്നിട്ടുണ്ട്. രണ്ട് സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നപ്പോള്‍ ബാക്കി 97 ഉം പ്രദേശിക ഹര്‍ത്താലുകളായിരുന്നു. ബി.ജെ.പി-സിപിഐഎം സംഘര്‍ഷമാണ് 30 ഓളം ഹര്‍ത്താലുകള്‍ക്കും കാരണമായതെന്നതും ശ്രദ്ധേയം. സിപിഐഎമ്മും യു.ഡി.എഫും 14 തവണ വീതം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 21 ഹര്‍ത്താലുകളാണ് നടന്നത്. ജൂലൈയില്‍ 19 ഉം, ജനുവരിയില്‍ 15 ഉം ഹര്‍ത്താല്‍ നടന്നു

ബന്ദ് നിരോധിച്ചുകൊണ്ട് ചരിത്രപരമായ വിധിപ്രസ്താവം നടത്തിയ കേരള ഹൈക്കോടതി ഹര്‍ത്താലിനെ മുന്‍നിര്‍ത്തി സുപ്രധാനമായൊരു നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിക്കാനായി പ്രതിപക്ഷനേതാവ് നടത്തിയ ഹര്‍ത്താല്‍ ആഹ്വാനമാണ് കോടതിയുടെ ഇടപെടലിന് കാരണം. ഇന്ന് നടത്തിയാ ഹര്‍ത്താലില്‍ ജനജീവിതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസിനോടും സുരക്ഷയെക്കുറിച്ചുള്ള ഉറപ്പ് മാധ്യമങ്ങളിലൂടെ പരസ്യംചെയ്യാന്‍ സര്‍ക്കാരിനോടും നിര്‍ദേശിച്ച കോടതി പ്രതിപക്ഷനേതാവിന് നോട്ടീസയക്കാനും ആവശ്യപ്പെട്ടിരുന്നു.

ബന്ദ് നിരോധിച്ചുകൊണ്ട് ചരിത്രപരമായ വിധി പ്രസ്താവിച്ച നീതിപീഠമാണ് കേരള ഹൈക്കോടതി. ജനജീവിതം നിശ്ചലമാക്കുകമാത്രമല്ല അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലുംവഴി പലതരം കഷ്ടനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന ബന്ദ് നിരോധിച്ചതു മറികടക്കാനാണ് രാഷ്ട്രീയകക്ഷികള്‍ ഹര്‍ത്താലിനെ കൂട്ടുപിടിച്ചത്. പണ്ട് വെറും കടയടപ്പുസമരം മാത്രമായിരുന്ന ഹര്‍ത്താല്‍ അതോടെ ഗതാഗതമുള്‍പ്പെടെ എല്ലാം നിശ്ചലമാക്കുന്ന ബന്ദുതന്നെയായി മാറി. പണ്ടുള്ളതിനെക്കാള്‍ ആശുപത്രികളും വിദ്യാലയങ്ങളും മറ്റുസ്ഥാപനങ്ങളും യാത്രകളും പരീക്ഷകളും തൊഴില്‍മണ്ഡലങ്ങളും മനുഷ്യാവശ്യങ്ങളും പലമടങ്ങു വര്‍ധിച്ചുകഴിഞ്ഞ ഇക്കാലത്ത് ഓരോ ഹര്‍ത്താലും സാമൂഹികജീവിതത്തെയും സമ്പദ്ഘടനയെയുമെല്ലാം ഗുരുതരമായി ബാധിക്കുമെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് അറിയാത്തതല്ല. എന്നിട്ടും അത് കണ്ടില്ലെന്നു നടിച്ച് ഹര്‍ത്താല്‍ പ്രഖ്യാപനമെന്ന ചെലവില്ലാത്തവഴി സ്വീകരിച്ച് അവര്‍ തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രതിഷേധിക്കുകയാണെന്നു വരുത്തിത്തീര്‍ക്കുന്നു. ജനാധിപത്യപരവും സമാധാനപൂര്‍ണവുമായ പ്രതിഷേധസമരരൂപമാണ് ഹര്‍ത്താല്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആ സമരമാര്‍ഗം വലിയ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

ആവര്‍ത്തിക്കുന്ന ഹര്‍ത്താലുകള്‍ കേരളത്തിന്റെ വ്യാവസായിക വികസനവും നിക്ഷേപസൗഹൃദാന്തരീക്ഷവും തകര്‍ക്കുന്നുവെന്ന ചിന്ത നാടിനകത്തും പുറത്തും ദശകങ്ങളായുണ്ട്. ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്ന യു.ഡി.എഫ്. ഇതിന് തൊട്ടുമുമ്പ് അധികാരത്തിലിരുന്നപ്പോള്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങിയതാണ്. ഹര്‍ത്താല്‍ എന്ന പ്രതിഷേധദുരാചാരത്തിനെതിരേ കേരള മനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഗാന്ധിമാര്‍ഗത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക്; നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസനാണ്. കേരളത്തിന്റെ വ്യാവസായിക വികസനമുരടിപ്പിന് കാരണമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നും ചൂണ്ടിക്കാണിച്ചിട്ടുള്ളതും ഈ സമരമാര്‍ഗത്തെത്തന്നെ. മൂന്നുമാസം മുമ്പ് ജൂലായില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്) എടുത്ത ഒരുതീരുമാനംകൂടി ഓര്‍മിക്കേണ്ടതുണ്ട്.

ഹര്‍ത്താലുകള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു ആ തീരുമാനം. ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍മാത്രം സംസ്ഥാനതല ഹര്‍ത്താല്‍ (അഥവാ, ബന്ദ്) മതിയെന്നും പ്രാദേശിക ഹര്‍ത്താലുകള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി വാങ്ങണമെന്നും അന്ന് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിരുന്നു. ഏതു ഹര്‍ത്താലിനെയും ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നു വ്യാഖ്യാനിക്കാമെങ്കിലും ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സമാധാനപരവും പരക്ലേശരഹിതവുമായ മറ്റു പ്രതിഷേധമാര്‍ഗങ്ങള്‍ കണ്ടില്ലെന്നുനടിച്ചുകൂടാ. ജനഹിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍, അങ്ങനെ അവകാശപ്പെടുന്ന ഏത് രാഷ്ട്രീയപ്രസ്ഥാനവും ജനങ്ങളെ ക്ലേശിപ്പിക്കാത്ത അത്തരം സമരമാര്‍ഗങ്ങളാണ് ബഹുസ്വരമായ ഒരു ജനാധിപത്യസമൂഹത്തില്‍ സ്വീകരിക്കേണ്ടത്. ആ ഉത്തരവാദരാഷ്ട്രീയത്തെപ്പറ്റി ഓര്‍മിപ്പിക്കേണ്ടത് കോടതിയല്ലെങ്കിലും ഇപ്പോള്‍ അങ്ങനെ സംഭവിച്ചതിനുകാരണം രാഷ്ട്രീയകക്ഷികളുടെ നിരുത്തരവാദപരമായ ഹര്‍ത്താല്‍ രാഷ്ട്രീയമാണ്.

സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹര്‍ത്താല്‍ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ എല്ലാ വ്യാപാരവ്യവഹാരങ്ങളില്‍ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാര്‍ത്ഥനയും വൃതവും സ്വീകരച്ചു ഹര്‍ത്താലില്‍ പങ്കെടുത്തു. എന്നാല്‍ ഇന്ന് പ്രാര്‍ത്ഥനയും നിരാഹാരവും ഹര്‍ത്താലിന്റെ ഭാഗമാവുന്നില്ല പകരം അക്രമങ്ങളായിമാറി. “തൊഴില്‍ ആരാധനയായിരിക്കണം” എന്ന് പഠിപ്പിച്ച ഗാന്ധിയന്‍ വചനങ്ങളെ മലയാളി മറക്കുകയും ചെയ്തു…

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *