Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ചാത്തന്‍മാസ്റ്റര്‍ ഹാള്‍ യാഥാര്‍ത്ഥ്യമാകുമോ ??? പണികള്‍ പ്രാരംഭഘട്ടത്തിലെന്ന് നഗരസഭ !!! - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ചാത്തന്‍മാസ്റ്റര്‍ ഹാള്‍ യാഥാര്‍ത്ഥ്യമാകുമോ ??? പണികള്‍ പ്രാരംഭഘട്ടത്തിലെന്ന് നഗരസഭ !!!

By on October 21, 2017

മാപ്രാണം : 1957ലെ ഇ.എം.എസ്. മന്ത്രിസഭയിലെ പട്ടികജാതി-പഞ്ചായത്ത്-സഹകരണവകുപ്പുമന്ത്രിയും കെ.പി.എം.എസ്. നേതാവുമായിരുന്ന പി.കെ. ചാത്തന്‍മാസ്റ്ററുടെ സ്മാരകമായി നിര്‍മിച്ച ഹാള്‍ പേരില്‍ മാത്രമായി ഒതുങ്ങുന്നു.

മുന്‍ ഭരണസമിതിയുടെ കാലത്ത് നവീകരണത്തിന്റെ പേരില്‍ പൊളിച്ചിട്ട മാപ്രാണം സെന്ററിലെ ഹാളിന്റെ സ്ഥലവും ശേഷിപ്പുകളും കാടുകയറി നശിക്കുകയാണ്. കെട്ടിടം പൊളിച്ചതിനുശേഷം നിരവധി സമരങ്ങളും പ്രതിഷേധങ്ങളും കോടതിവ്യവഹാരങ്ങളും നടന്നെങ്കിലും ഹാളിന്റെ പുനര്‍നിര്‍മാണം മാത്രം യാഥാര്‍ത്ഥ്യമായില്ല.

1989ല്‍ പട്ടികജാതി വികസനവകുപ്പ് 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഹാള്‍ 2001ലാണ് പൊറത്തിശ്ശേരി പഞ്ചായത്തിന് കൈമാറിയത്. പിന്നീട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതായി. പഞ്ചായത്ത് നഗരസഭയില്‍ ചേര്‍ക്കുന്നതിനു മുമ്പായി ഊട്ടുപുരയും അടുക്കളയും നിര്‍മിച്ചു. പാചകത്തിനും മറ്റുമായി രണ്ടുലക്ഷം രൂപയുടെ പാത്രങ്ങള്‍ വാങ്ങി സൂക്ഷിച്ചു. നഗരസഭയില്‍ ലയിച്ചശേഷം ഹാള്‍ നവീകരണത്തിനായി പത്തുലക്ഷത്തോളം രൂപ ചെലവഴിച്ചു.  കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.സി. ഫണ്ടില്‍നിന്ന് ഒരുകോടി ചെലവഴിച്ച് ഹാള്‍ പൊളിച്ചുമാറ്റി പുതിയഹാള്‍ നിര്‍മിക്കാന്‍ ജനകീയാസൂത്രണപദ്ധതിയില്‍ പ്രോജക്റ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ തടഞ്ഞതോടെ പദ്ധതി നടപ്പിലായില്ല. പിന്നീട് മുന്‍ ഭരണസമിതിയുടെ അവസാനകാലത്ത് അമ്പതുലക്ഷം രൂപ പ്രത്യേക ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി. ഹാളിന്റെ മുന്‍വശം പൊളിച്ചുനീക്കി ഓഫീസ് സൗകര്യത്തോടെ മുന്‍വശം പുനര്‍ നിര്‍മിക്കാനായിരുന്നു പദ്ധതി.

ഇതിന്‍പ്രകാരം ഹാള്‍ പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചതോടെ കെ.പി.എം.എസും പട്ടികജാതി-പട്ടികവര്‍ഗ വികസനസമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. ഹാളിന്റെ മുന്‍വശം പൊളിക്കാന്‍ തുടങ്ങിയതോടെ നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ്. ഹാളിനുമുന്നില്‍ സമരം നടത്തി. ഇതിനിടയില്‍ കെ.പി.എം.എസ്. കോടതിയേയും സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി ഫണ്ടുപയോഗിച്ച് ഹാള്‍ നിര്‍മിക്കുന്നത് കോടതി തടഞ്ഞു. അതോടെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ നിലച്ചു. ഇതിനെതിരേ റിവ്യൂ പെറ്റീഷന്‍  നഗരസഭ നല്‍കിയിരുന്നു .  പുതിയ ഭരണസമിതി അധികാരത്തിലേറി രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഹാളിന്റെ അവസ്ഥ കാണാനെത്തിയ കെ.യു. അരുണന്‍ എം.എല്‍.എ. ചാത്തന്‍മാസ്റ്റര്‍ ഹാള്‍ പുനര്‍ നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി വകുപ്പുമന്ത്രി എ.കെ. ബാലനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല. നഗരസഭയുടെ പുതിയ ബജറ്റിലും എസ്.സി. ഫണ്ടില്‍നിന്നും ഹാള്‍ പുനര്‍നിര്‍മിക്കുന്നതിന് തുക വകയിരുത്തിയിരുന്നെങ്കിലും പണികള്‍ ഇതുവരെയുമായി ആരംഭിച്ചിട്ടില്ല.

ഹാളിന്റെ പ്ലാനുമായി ബന്ധപെട്ടുള്ള പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അത് ലഭിച്ചാലുടനെ പണികള്‍ ആരംഭിക്കുമെന്നുമാണ് നഗരസഭയുടെ ഇപ്പോഴത്തെ ഭാഷ്യം

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *