Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പോരയ്മ്മകള്‍ക്ക് മാത്രമായി ഒരു റെയില്‍വേ സ്റ്റേഷന്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പോരയ്മ്മകള്‍ക്ക് മാത്രമായി ഒരു റെയില്‍വേ സ്റ്റേഷന്‍

By on October 23, 2017

നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങളും വന്‍മരങ്ങളുമാണ് ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനിലേക്ക് സ്വാഗതമോതുന്നത്. മേല്‍ക്കൂരയിലാകെ പുല്ല് പടര്‍ന്നുകറിയ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടമാണ് പ്രധാനകവാടം. അകത്തുകയറിയാല്‍ ഇരിക്കാന്‍ കോണ്‍ക്രീറ്റു ബെഞ്ചുകള്‍. ഇരുപത്തഞ്ചോളം ബോഗികളുള്ള തീവണ്ടികള്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമുകളില്‍ പേരിനുമാത്രമായ മേല്‍ക്കൂരകള്‍. ആരുടെയും കണ്ണില്‍പ്പെടാതെ ഒറ്റമുറി മാത്രമായ ശൗചാലയം. വികസനം മുരടിച്ച റെയില്‍വേസ്റ്റേഷന്റെ ദയനീയ കാഴ്ചകള്‍ ഇങ്ങനെ നീളുന്നു. ദക്ഷിണറെയില്‍വേ അധികൃതരുടെ നിരീക്ഷണത്തില്‍ തിരുവനന്തപുരം ഡിവിഷനുകീഴില്‍ വൃത്തിഹീനമായ അന്തരീക്ഷമുള്ള റെയില്‍വേസ്റ്റേഷനുകളായി രേഖപ്പെടുത്തിയിട്ടുള്ള നാലെണ്ണത്തില്‍ ഇരിങ്ങാലക്കുടയേയും ഉള്‍പ്പെടുത്തിയിരിക്കുന്നു

ജില്ലയില്‍ തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷന്‍ കഴിഞ്ഞാല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുള്‍പ്പെടെ ഇരുഭാഗങ്ങളിലേക്കുമായി 44 തീവണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനാണിത്. ഇരു ദേശീയപാതകളില്‍നിന്നും വരുന്ന യാത്രക്കാര്‍ക്ക് പ്രധാന ആശ്രയമാണ് കല്ലേറ്റുംകരയിലെ ഈ റെയില്‍വേസ്റ്റേഷന്‍. കിഴക്കന്‍ മലയോരമേഖലയായ കൊടകര, കോടാലി, വെള്ളിക്കുളങ്ങര ഭാഗത്തുള്ളവരും തീരദേശപ്രദേശങ്ങളായ മൂന്നുപീടിക, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങലിലുള്ളവരും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്നത് ഈ സ്റ്റേഷനെയാണ്. എന്നാല്‍ കാലപ്പഴക്കം ചെന്ന പ്ലാറ്റ്‌ഫോം മേല്‍ക്കൂരകള്‍ മഴക്കാലത്ത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രധാനകവാടത്തിലും തെക്കുഭാഗത്തേയ്ക്ക് നീങ്ങിയും രണ്ടു ചെറിയ മേല്‍ക്കൂരകള്‍ മാത്രമാണുള്ളത്. രണ്ടാം പ്ലാറ്റ്‌ഫോമില്‍ മൂന്നെണ്ണവും. ഇവയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ അഞ്ചു മേല്‍ക്കൂരകളും ജീര്‍ണ്ണാവസ്ഥയിലാണ്. മുമ്പ് കല്ലേറ്റുംകര-ആളൂര്‍ റോഡില്‍ റെയില്‍വേ ഗേറ്റ് ഉണ്ടായിരുന്നഭാഗത്ത് അടച്ചുകെട്ടി പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചെങ്കിലും മേല്‍ക്കൂരയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാര്‍ക്കായുള്ള ഇരിപ്പിടങ്ങളേറെയും ഏറെ പഴക്കമുള്ളതാണ്. പ്ലാറ്റ്‌ഫോമുകളില്‍ മേല്‍ക്കൂരയില്ലാത്ത ഭാഗത്തെ ഇരിപ്പിടങ്ങള്‍ മഴയും വെയിലും കൊണ്ട് ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. തിരക്കുള്ള സമയങ്ങളില്‍ ഇരിപ്പിടങ്ങള്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് ഏറെനേരം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കേണ്ടേ സ്ഥിതിയാണ്.

ഒന്നാം പ്ലാറ്റ്‌ഫോമില്‍ തെക്കുഭാഗത്തായി ആരുടെയും കണ്ണില്‍പ്പെടാതെയുള്ള ശൗചാലയം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഓരോ കക്കൂസ്. ഈ ശൗചാലയം അധികമാരും കാണാറില്ല. നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന പ്രധാന റെയില്‍വേസ്റ്റേഷനില്‍ ആധുനിക സൗകര്യങ്ങളോടെ ഒരു ശൗചാലയമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്

രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവും ഈ സ്റ്റേഷന്റെ പോരായ്മയാണ്. വയോധികരും കുട്ടികളും ഇതുമൂലം തീവണ്ടിയില്‍ കയറാനും ഇറങ്ങാനും ഏറെ പ്രയാസപ്പെടുന്നു. മഴക്കാലമാകുന്നതോടെ പ്ലാറ്റ്‌ഫോമിലെ വെള്ളക്കെട്ടും യാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നു. വെള്ളക്കെട്ടില്‍നിന്നുവേണം തീവണ്ടിയിലേയ്ക്ക് കയറാന്‍. തുടര്‍ച്ചയായി വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം പ്ലാറ്റ്‌ഫോമില്‍ വഴുക്കലുള്ളത് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

സ്റ്റേഷനിലേക്കുള്ള വഴിയില്‍ മുന്‍വശത്തുള്ള വന്‍മരങ്ങളില്‍ ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠം വലിയ ദുര്‍ഗന്ധമാണ് പരിസരത്താകെ ഉണ്ടാക്കുന്നത്. സ്റ്റേഷനിലേയ്ക്കുള്ള വഴിയിലൂടെ കാല്‍നടയായി നടക്കാനും കഴിയില്ല. വസ്ത്രങ്ങളിലും തലയിലും പക്ഷികളുടെ കാഷ്ഠം വീഴും. സ്റ്റേഷനു മുന്നിലെ പാര്‍ക്കിങ് സ്ഥലത്ത് സൂക്ഷിക്കുന്ന വാഹനങ്ങളിലും പക്ഷികള്‍ കാഷ്ഠിക്കുന്നത് നിത്യദുരിതമാണ്. സ്റ്റേഷന്‍ പരിസരത്തെ മാലിന്യനിക്ഷേപവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തെരുവുനായ്ക്കളും സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെത്തുന്നത് യാത്രക്കാര്‍ക്ക് ഭീതിയുണര്‍ത്തുന്നു.

ഈ പ്രധാന റെയില്‍വേസ്റ്റേഷന് ശുചിത്വമില്ലെന്ന അധികൃതരുടെ കണ്ടെത്തലില്‍ അതിശയോക്തിയൊന്നുമില്ല. എന്നാല്‍ ഒട്ടേറെ യാത്രക്കാരുടെ ആശാകേന്ദ്രമായ ഇവിടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കി മെച്ചപ്പെടുത്തണമെന്ന കാര്യം മാത്രം സൗകര്യപൂര്‍വ്വം മറക്കുന്നു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *