Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഗാനമേള വേദികളില്‍ 51 വര്‍ഷത്തെ ചരിത്രവുമായി ചാക്കോ മാഷ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഗാനമേള വേദികളില്‍ 51 വര്‍ഷത്തെ ചരിത്രവുമായി ചാക്കോ മാഷ്

By on November 21, 2017

പാട്ടിന്റെ ഈണത്തില്‍ സ്വയം മറന്ന് താളം പിടിക്കാന്‍ കണ്‍മുമ്പില്‍ അധികമാരും ഉണ്ടായിരുന്നില്ല..

ആസ്വാദകരായി അരികില്‍ ഉണ്ടായിരുന്നത് രണ്ടേ രണ്ടു പേര്‍. എന്നിട്ടും അന്നു വരെ പാടിയതില്‍ ഏറ്റവും ശ്രുതിമധുരമായാണ് ചാക്കോ മാഷ് പാടി അവസാനിപ്പിച്ചത്. പാട്ടിലെ വരികള്‍ എന്ന പോലെ ആ ഒരു പാട്ടുകൊണ്ടു ചരിത്രം കുറിച്ചു ചാക്കോ മാഷ്.

51 വര്‍ഷമായി ഗാനമേള രംഗത്ത് സ്ഥിരം സാന്നിധ്യമായിരുന്ന ടി.ഡി ചാക്കോ എന്ന ചാക്കോ മാഷിന്‍റെ സിനിമാ ഗാന രംഗത്തെ അരങ്ങേറ്റം എന്ന ചരിത്രം.

ഹോംലി മീല്‍സ് എന്ന സിനിമയുടെ ടൈറ്റില്‍ സോങ് പാടിയാണ് ചാക്കോ മാഷ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്.

ഗാനമേളകളിലെ സൂപ്പര്‍സ്റ്റാര്‍…

പതിനേഴാമത്തെ വയസില്‍ തുടങ്ങിയതാണ് ഗാനമേളകളുമായുള്ള നാടു ചുറ്റല്‍. വോയ്സ് ഒഫ് ട്രിച്ചൂര്‍, ട്രിച്ചൂര്‍ വേവ്സ്, ചോയ്സ് തൃശൂര്‍, കേരള ആംഡ് ഫോഴ്സ്, എയ്ഞ്ചല്‍ വോയിസ് മൂവാറ്റുപുഴ  തുടങ്ങിയ ട്രൂപ്പുകളില്‍. 28 വര്‍ഷമായി മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിലെ പ്രധാന പാട്ടുകാരനായ ഇദ്ദേഹം ഇപ്പോള്‍ എക്കോസ് കോട്ടയത്തിന്റെ പ്രധാന പാട്ടുകാരനാണ്. എത്ര വേദികളില്‍ ഗാനമേള അവതരിപ്പിച്ചെന്നു മാഷിനു തന്നെ അറിയില്ല. കേരളത്തില്‍ ചാക്കോമാഷ് ഗാനമേളയ്ക്ക് പാടാത്ത ഒരു സ്ഥലവുമില്ല.

ഇത്രയും കാലം പാടിയതിന്‍റെ ആദരവു പ്രകടിപ്പിക്കാനാണ് മറ്റുള്ളവര്‍ പേരിനൊപ്പം മാഷ് ചേര്‍ത്തു വിളിക്കാന്‍ തുടങ്ങിയതെന്നു ചാക്കോ മാഷ് പറയുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമൊഴിച്ച് മലയാളികളുള്ള എല്ലാ പ്രദേശങ്ങളിലും ചാക്കോ മാഷ് പാട്ടുമായി എത്തി. വര്‍ഷങ്ങളായി എയ്ഞ്ചല്‍ വോയ്സിന്റെ പരിപാടികളില്‍ ആദ്യ ഗാനം പാടിയിരുന്നത് മാഷായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുറച്ചു കാലമായി ആദ്യ പാട്ടു പാടുന്നത് മറ്റു ഗായകരാണ്. ജനങ്ങളുടെ മുന്നില്‍ നിന്നു നേരിട്ടു പാടുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു പറയുന്നു ചാക്കോ മാഷ്. ലൈവായി പാടുകയെന്നാല്‍ ചെറിയ കാര്യമല്ല. ജനങ്ങളുടെ പ്രതികരണം അപ്പോള്‍ തന്നെ മനസിലാക്കാം. നോട്ടുമാലയും പൂക്കളുമായി നിരവധി സമ്മാനങ്ങള്‍ അപ്പോള്‍ തന്നെ കിട്ടും. എന്നാല്‍ പുതിയ കാലത്തെ ഗാനമേളകള്‍ ലൈവല്ല. ഫ്ളോപ്പി ഇട്ടാണ് പലരും പാട്ടുപാടുന്നത്.

ഓര്‍ക്കസ്ട്ര ഒന്നും ലൈവല്ല. സിനിമയില്‍ പാടുന്നതു പോലെയല്ല ഗാനമേളയില്‍ പാടുന്നത്. തെറ്റു പറ്റിയാല്‍ ജനം അപ്പോള്‍ തന്നെ അറിയും. ഒരു പാട്ടു തന്നെ നിര്‍ബന്ധിച്ചു വീണ്ടും വീണ്ടും പാടിപ്പിച്ചിട്ടുണ്ട്. അമ്പലത്തിലാണ് ഗാനമേളയെങ്കില്‍ തുടക്കത്തില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനമാണ് പാടുക. പള്ളിയിലാണെങ്കില്‍ മലയാറ്റൂര്‍ മലയും താണ്ടി ജനകോടികള്‍ എത്തുന്നു എന്ന പാട്ടാകും പാടുക. എവിടെയാണെങ്കിലും ഈ രണ്ടു പാട്ടുകള്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ചു ജനം പാടിക്കുമായിരുന്നു. ഇന്നു ഗാനമേള എന്നത് ഡാന്‍സും പാട്ടുമൊക്കെയായി. ഇതിനെ ഗാനമേള എന്നു പറയാന്‍ പറ്റില്ല.

പഴയ കലാകാരന്‍മാര്‍ ഇങ്ങനെയൊന്നുമായിരുന്നില്ല. സംഗീത പാരമ്പര്യമുള്ള ഗായകരായിരുന്നു അക്കാലത്ത് എല്ലാവരും. ഇന്ന് അതെല്ലാം മാറി. ജനത്തെ രസിപ്പിക്കാന്‍ കുറച്ചൊക്കെ ഇതെല്ലാം വേണം. ലൈവ് ഓര്‍ക്കസ്ട്രയാണ് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ പ്രത്യേകത. ലൈവായി സംഗീത ഉപകരണങ്ങള്‍ വായിക്കാന്‍ അറിയുന്നവരെ മാത്രമേ എയ്ഞ്ചല്‍ വോയ്സില്‍ ഉള്‍പ്പെടുത്തൂ. ഇക്കാര്യത്തില്‍ ട്രൂപ്പിന് നേതൃത്വം നല്‍കുന്ന വികാരിക്ക് നിര്‍ബന്ധമുണ്ട്. ഇതിനാല്‍ എയ്ഞ്ചല്‍ വോയ്സിന്‍റെ ഗാനമേളയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു.

ചെറുപ്പം മുതലേ പാട്ടുമായി കൂട്ട്…

കുട്ടിക്കാലം മുതലേ പാട്ടിനോട് താല്‍പര്യം തോന്നിയിരുന്നതായി പറയുന്നു ചാക്കോ മാഷ്. എപ്പോഴും പാട്ടുപാടി നടക്കും. സ്കൂള്‍ പഠനം കഴിഞ്ഞ് ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചു. സംഗീതത്തില്‍ ഹയര്‍ പാസായി. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ സഹപാഠിയായിരുന്നു. തൃശൂര്‍ സെന്‍റ് തോമസ് കോളേജ് ഹൈസ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ചവരാണ്. ജോണ്‍സന്റെ കല്യാണ വിരുന്ന് തൃശൂര്‍ സംഗീത നാടക അക്കാഡമി ഹാളില്‍ നടന്നപ്പോള്‍ പാട്ടുപാടിയിരുന്നു.

അന്ന് സിനിമയില്‍ പാടാന്‍ ജോണ്‍സണ്‍ ക്ഷണിച്ചിരുന്നു. നിരവധി തവണ സിനിമയില്‍ പാടാന്‍ വിളിച്ചെങ്കിലും ഞാന്‍ താത്പര്യം കാണിച്ചില്ല. അന്നു ഗാനമേളകളുമായി തിരക്കിലായിരുന്നു. സിനിമയില്‍ പാടാന്‍ പോകാത്തതില്‍ ഇപ്പോള്‍ സങ്കടം തോന്നുണ്ട്. പാട്ടുകാര്‍ എന്നാല്‍ സിനിമാ ഗായകര്‍ എന്നാണ് സമൂഹം കരുന്നത്. പണവും പ്രശസ്തിയുമൊക്കെ ലഭിക്കുന്നതു സിനിമയിലൂടെയാണ്. പാടാനുള്ള കഴിവുണ്ടായിട്ടും തന്‍റെ രണ്ടു ആണ്‍മക്കളെ ഈ മേഖലയിലേക്ക് മാഷ് എത്തിച്ചില്ല.

ഗാനമേളയുമായി നടന്നാല്‍ ജീവിതം മുന്നോട്ടു പോകില്ല. വളരെ ബുദ്ധിമുട്ടിയാണ് ഞാനൊക്കെ ഈ മേഖലയില്‍ പിടിച്ചു നിന്നത്- ചാക്കോ മാഷ് പറയുന്നു. 65ാമത്തെ വയസിലും ശബ്ദ ഗാംഭീര്യം നിലനിര്‍ത്തുന്നതു കൃത്യമായ പരിശീലനത്തിലൂടെ തന്നെ. എപ്പോഴും പാട്ടും മൂളിക്കൊണ്ടായിരിക്കും നടത്തം. ഭക്ഷണമൊക്കെ സാധാരണ രീതിയില്‍ തന്നെയാണു കഴിക്കുന്നത്. നാടന്‍ ഭക്ഷണത്തോടാണു താത്പര്യം.

ശ്രുതി, ലയം, താളം…..

ഒരു ഗായകന് വേണ്ടത് ശ്രുതി, ലയം, താളം എന്നിവയാണ്. നല്ല പാട്ടുകാരനാകാന്‍ ഇത് അത്യാവശ്യം. പെര്‍ഫോം ചെയ്യാനുള്ള കഴിവ് ഇതിനു ശേഷമേ ഉള്ളൂ. റിയാലിറ്റി ഷോകളും മറ്റും വലിയ കാര്യമായി തോന്നുന്നില്ല. നന്നായി പാടുന്ന കുട്ടികള്‍ക്കല്ല മിക്കപ്പോഴും അവിടെ സമ്മാനം ലഭിക്കുന്നത്. മറ്റു പല കാര്യങ്ങളും അവിടെ പരിഗണിക്കുന്നു. എന്നാല്‍ റിയാലിറ്റി ഷോകള്‍ പുതിയ കുട്ടികള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. എന്നു കരുതി സംഗീതത്തിന് അവിടെ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നു തോന്നുന്നില്ല.

ഒടുവില്‍ വെളിച്ചം വിരിഞ്ഞു…

ഗാനമേളകള്‍ക്ക് ചെറിയ ഇടവേള നല്‍കി സിനിമയുടെ ലോകത്ത് ഒടുവില്‍ ചാക്കോ മാഷ് എത്തിയിരിക്കുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ഹോംലി മീല്‍സ് എന്ന ചിത്രത്തിലാണ് മാഷ് പാടിയത്. ടൈറ്റില്‍ സോങ്ങായ ചരിത്രം തെളിഞ്ഞു… വെളിച്ചം വിരിഞ്ഞു… എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്. രണ്ടു പേരെ കൊണ്ട് ആദ്യം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈ പാട്ട് പാടിച്ചിരുന്നു. ഇതു രണ്ടും ശരിയാവാത്തതിനെ തുടര്‍ന്നാണ് ചാക്കോ മാഷെ തേടി പാട്ട് എത്തുന്നത്. എയ്ഞ്ചല്‍ വോയ്സിന്‍റെ ഓഫിസില്‍ വിളിച്ച് ചാക്കോ മാഷിന്‍റെ നമ്പര്‍ എടുത്താണ് അനൂപ് കണ്ണനും സംഘവും മാഷെ വിളിക്കുന്നത്.

ഒരു മണിക്കൂര്‍ കൊണ്ട് പാട്ടിന്‍റെ റെക്കോഡിങ്ങ് നടന്നു. ഗാനമേളകളില്‍ പാടുന്നതു നോക്കുമ്പോള്‍ സിനിമയ്ക്ക് പാടുന്നത് വളരെ എളുപ്പമാണെന്ന് മാഷ് പറയുന്നു. യുടൂബില്‍ നിരവധി പേരാണ് ഈ ഗാനം കാണുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സര്‍താജാണ് സംഗീതം പകര്‍ന്നത്. പാട്ട് കേട്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.

ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയാണ് ചാക്കോ മാഷ്. ഭാര്യ ശാന്ത. ജസ്റ്റിന്‍, ജെനീഷ്, ജെന്‍സി എന്നിവരാണ് മക്കള്‍. അടിപൊളിയും വെസ്റ്റേണ്‍ മ്യൂസികും നിറഞ്ഞ പാട്ടുകള്‍ ഇപ്പോള്‍ ജനത്തിനു മടുത്തു തുടങ്ങി. ശുദ്ധ സംഗീതത്തിലേക്ക് മലയാളി മടങ്ങി കൊണ്ടിരിക്കുകയാണ്. ഗാനമേളകളിലെല്ലാം പഴയ പാട്ടുകള്‍ പാടാനാണ് ജനം ആവശ്യപ്പെടുന്നത്. ഇതു നല്ല പ്രവണതയാണ്- ചാക്കോ മാഷ് പറഞ്ഞു നിര്‍ത്തി.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *