Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
അരങ്ങിലും അഭ്രപാളിയിലും തിളക്കമായ സതീഷ്‌ മേനോന്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

അരങ്ങിലും അഭ്രപാളിയിലും തിളക്കമായ സതീഷ്‌ മേനോന്‍

By on January 15, 2018

ഞാനും ഇരിങ്ങലക്കുടക്കാരന്‍ ഭാഗം  – 1 

47 വര്‍ഷങ്ങള്‍ക്കുള്ളില്‍ 145 ല്‍ പരം നാടകങ്ങളിലൂടെയും വിവിധ സീരിയലുകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും പ്രശസ്തനായി ഇന്ന് സിനിമ രംഗത്ത് വിത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ് സതീഷ്‌ മേനോന്‍.

സ്കൂള്‍ പഠന കാലത്ത് നാഷണല്‍ ഹൈസ്കൂളിലെ വേദിയില്‍ ഹരിശ്രീ കുറിച്ച സതീഷ്‌ ക്രൈസ്റ്റ് കോളേജ് കളരിയിലൂടെ വളര്‍ന്ന് സ്വന്തം നാട്ടിലെ അമച്വര്‍ നാടക രംഗത്തെ അഭിനയ സമ്പത്തുമായി ബോംബെ നാടക വേദിയില്‍ നിരവധി വിത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയത്തിന് മുക്തകണ്ഠമായ പ്രശംസകളും അംഗീകാരങ്ങളും ഏറ്റുവാങ്ങി. ഗള്‍ഫ്‌ കലാസാംസ്കാരിക വേദികളില്‍ എണ്ണിയാലൊതുങ്ങാത്ത കഥാപാത്രങ്ങള്‍ക്ക് നിറം പകര്‍ന്ന് , പ്രവാസി മലയാളികളുടെ പ്രിയങ്കരനായി മാറിയ മറുനാടന്‍ കലാരംഗത്തെ അതികായനെന്ന വിശേഷണം ഏറ്റുവാങ്ങിയ അതുല്യ നടനാണ്‌ ഇരിങ്ങാലക്കുടയുടെ മറ്റൊരു അഭിമാനമായ സതീഷ്‌ മേനോന്‍. അഭിനയ കലയുടെ എല്ലാ മര്‍മ്മങ്ങളും സ്വായത്തമാക്കി ഇന്നും വേദികളില്‍ നിന്നും വേദികളിലേക്കും അഭ്രപാളികളിലേക്കും ഈ നടന്റെ യാത്ര തുടരുന്നു.

ഒരു പ്രവാസി കലാകാരനും അവകാശപ്പെടാന്‍ കഴിയാത്ത ചരിത്രം സതീഷിനെ കുറിച്ച് രചിക്കാം. നീണ്ട 47 വര്‍ഷത്തെ അഭിനയ ജീവിതം കൂടുതല്‍ കൂടുതല്‍ ഈ കലാകാരന് ഊര്‍ജ്ജം നല്‍കുന്നത് നേടിയെടുത്ത പുരസ്കാരങ്ങളിലൂടെ തന്നെ. മുപ്പതിലധികം തവണ നല്ല നടനുള്ള അവാര്‍ഡുകള്‍, അഭിനയ പുരസ്കാരങ്ങള്‍ തുടങ്ങിയവ ഈ നടനെ തേടിയെത്തി. അമോല്‍ പലേക്കര്‍, പ്രൊഫ.നരേന്ദ്ര പ്രസാദ്,പ്രൊഫ.വയലാവാസുദേവന്‍ പിള്ള, ഭരത് മുരളി തുടങ്ങിയവരുടെ പ്രശംസ വചനങ്ങള്‍… ഇതെല്ലാം ഈ ഇരിങ്ങാലക്കുടക്കാരന്റെ പ്രത്യേകതകള്‍ മാത്രം.

കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രമായി വേഷമിട്ട സതീഷ്‌ മേനോന്റെ അഭിനയപാടവമാണ് ഈ നാടകത്തിന്റെ വിജയത്തിന് ഏറ്റവും വലിയ കാരണമായി തീര്‍ന്നത്.ഒരു മുസ്ലിം, ഒരു രാജഭക്തന്‍, സാമൂതിരിയെ വരെ ചോദ്യം ചെയ്യുന്ന കലാപകാരി,യുദ്ധവീരന്‍, ഉമ്മയുടെ മുന്നില്‍ വികാരധീനനാകുന്ന കുഞ്ഞു മകന്‍,വെറും മാനുഷീകമായ സ്നേഹത്തിനുവേണ്ടി എന്ത് ത്യാഗവും പ്രവര്‍ത്തിക്കുന്ന ജ്യേഷ്ഠ സഹോദരന്‍,വീര ചരമമടയുന്ന രക്തസാക്ഷി- ഇതെല്ലാമായി കുഞ്ഞാലിമരക്കാര്‍ ശോഭിച്ചു.

മഹാരാഷ്ട്രാ വേദികള്‍ വിശ്വ വിഖ്യാതമായ ഫ്രഡറിക്ക് നോട്ടിന്റെ WAIT UNTIL DARK നാടക പരിഭാക്ഷ വിവിധ ഇന്ത്യന്‍ ഭാക്ഷകളിലൂടെ ആസ്വദിച്ച് ലയിച്ചപ്പോള്‍ “നേരം ഇരുട്ടട്ടെ ” എന്ന മലയാള പരിഭാക്ഷ കണ്ട് പ്രേഷകരും പത്രമാസികകളും ഒന്നടങ്കം പ്രശംസിച്ചത് സതീഷിന്റെ മലയാള വില്ലന്‍ തന്നെയായിരുന്നു. ഇന്ഗ്ലീഷ് പത്രങ്ങള്‍ എഴുതി “ഇസ്മയില്‍ ഹസ്സന്‍ എന്ന സതീഷിന്റെ മലയാള വില്ലന്‍ തന്നെയാണ് വിസ്തരിച്ച് കാണികള്‍ക്ക് അനുഭവ വ്യേദ്യമാക്കി ആ രംഗങ്ങള്‍ ഫലിപ്പിച്ചത്.

നാടന്‍ നാടക വേദികളില്‍ വിത്യസ്ഥങ്ങളായ ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ച സതീഷ്‌ , ബോംബെ നാടക വേദിയില്‍ കുറച്ചു കാലം കൊണ്ട് മുന്‍പന്തിയില്‍ എത്തുകയായിരുന്നു. താനവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും മലയാളി പ്രേഷക മനസ്സിലേക്ക് ആവാഹിച്ചെടുത്തത് നിരവധി നാടകങ്ങളിലൂടെ ആയിരുന്നു. ഗോരഗോണ്‍ മലയാളി സമാജത്തിന്റെ “മിഴികള്‍ വഴികള്‍” എന്ന നാടകത്തിലെ നായകനായ രാമന്‍ കുട്ടിയിലൂടെ 1973 ല്‍ ബോംബെ അരങ്ങില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നങ്ങോട്ട് വിശ്രമമില്ലാത്ത അഭിനയ നാളുകളായിരുന്നു.

ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നാടകങ്ങളില്‍ വിത്യസ്ഥ വേഷങ്ങള്‍ ചെയ്തു രെശ്മി തിയ്യറ്റേഴ്സ്, രാഗം തിയ്യറ്റേഴ്സ്, എന്‍.എസ്.എസ്. കൂട്ടായ്മ എന്നിവയുടെ എന്നിവയുടെ നാടകങ്ങളിലും സജീവ്‌ സാന്നിദ്ധ്യമായിരുന്നു. ക്രൈസ്റ്റ് കോളേജ് നാടകങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സതീഷിന്റെ എടുത്തു പറയത്തക്ക അഭിനയം ‘അഗ്നി പ്രളയ’ത്തിലും കലിയുഗത്തിലുമായിരുന്നു.

മഹാരാഷ്ട്ര കല്യാണ്‍ മലയാളി സമാജത്തിനുവേണ്ടി ടോള്‍സ്റ്റോയുടെ പ്രശസ്ത കഥ ഇരുപതു മിനിറ്റ് നീണ്ടു നിന്ന എകാഭിനയത്തിലൂടെ, അതും ഹിന്ദി ഭാക്ഷയില്‍ സതീഷ്‌ മനോഹരമാക്കി. ഗള്‍ഫില്‍ എത്തിയ ഈ കലാകാരനെ കാത്ത് നിരവധി കഥാപാത്രങ്ങള്‍ അണിഞ്ഞൊരുങ്ങി. ഷാര്‍ജ മാസ്സിന്റെ ഒളിപ്പോരിലെ കൈമള്‍,ദുബായ് കൈരളികലാ കേന്ദ്രത്തിന്റെ രാജസൂയത്തിലെ മനു, വിഗ്രഹത്തിലെ രാജന്‍ ബാബു,ദര്‍ശിനി ഷാര്‍ജയുടെ യാത്രയിലെ നേതാവ്,അബുദാബി യുവ പ്രതിഭയുടെ പുതുപ്പണം കോട്ടയിലെ കുഞ്ഞാലിമലക്കാര്‍ , സ്റ്റേജ് ഓഫ് അല്‍ -ഐ നിന്റെ പൊന്നുവിളയിച്ച തമ്പുരാന്റെ തമ്പുരാന്‍, ദുബായി ഇന്ത്യന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ “കിരാതീയ”ത്തിലെ കരുണാകരമേനോന്‍… ഒരു പ്രവാസി നടനും ലഭിക്കാത്ത നിരവധി വിത്യസ്ഥ കഥാപാത്രങ്ങള്‍, കൂടാതെ നിലവാരം പുലര്‍ത്തിയ, അഭിനയമേന്മ വിളിച്ചറിയിച്ച അനേകം സ്കിറ്റുകള്‍..

നീണ്ട വര്‍ഷങ്ങളുടെ അഭിനയ സമ്പത്തുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് വിശ്രമമില്ലാത്ത തന്റെ അഭിനയം തുടരുമ്പോഴായിരുന്നു പ്രശസ്ത സംവിധായകന്‍ ശ്യാമ പ്രസാദ്‌ തന്റെ മെഗാ സീരിയലിലേക്ക് സതീഷിനെ തിരഞ്ഞെടുത്തത്. ശ്യാമ പ്രസാദ് കണ്ടെടുത്ത മണല്‍ നഗരത്തിലെ ഹൈലൈറ്റ് മാത്തച്ചന്‍ സതീഷിന്റെ അഭ്രപാളിയിലെക്കുള്ള കാല്‍വെപ്പായിരുന്നു. അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളോടൊത്തുള്ള പ്രകടനം സതീഷ്‌ ഗംഭീരമാക്കി. തുടര്‍ന്ന് സുരേഷ്  ഉണ്ണിത്താന്റെ വേനല്‍ക്കാലത്തിലെ ആസാദ് മുഹമ്മദ്, ഹരിദാസന്റെ ചക്രങ്ങളിലെ വിക്രമനും ശ്രദ്ധേയ കഥാപാത്രമായിരുന്നു.അശോക്‌.ആര്‍.നാഥിന്റെ ഡ്രീം സിറ്റിയിലെ ഡേവിഡ്‌ ഫിലിപ്പ്,മണല്ക്കാടിലെ ഹാജി മലയാള സീരിയല്‍ രംഗത്തെ വില്ലന്‍ സങ്കല്‍പ്പങ്ങളെ ഇളക്കി പ്രതിഷ്ടിക്കുന്നതാണ്.

ടെലി ഫിലിമുകളില്‍ സതീഷ്‌ തന്റെ അഭിനയ പാടവം വിളിച്ചറിയിച്ചു. പ്രഹേളിക,മഞ്ഞു ചെയ്യുന്ന സന്ധ്യയില്‍,അറേബ്യ 20/20,ഒരു ദിര്‍ഹം കൂടി,ഈ പുഴ ഒഴുകും വഴി,ആര്‍പ്പ് മേഘങ്ങള്‍,സെല്‍ഫി, മനസ്സ് തുടങ്ങി നിരവധി സീരിയലുകള്‍ റെയ്ന്‍ ബോ മില്‍ക്ക്, മലയാള പരസ്യ ചിത്രവും സ്വിസ്സ് അറേബ്യന്‍ പെര്‍ഫ്യൂംസ്, ഹിന്ദി പരസ്യ ചിത്രവും പ്രസിദ്ധമാണ്.1978 ല്‍ കേന്ദ്ര ഫിലിം ഡിവിഷന്‍ സതീഷ്‌ മേനോനെ എ ഗ്രയ്ഡോടെതിരഞ്ഞെടുത്തു.

അഭിനയത്തിന്റെ എല്ലാ അംശങ്ങളും സ്വായത്തമാക്കിയ സതീഷിനെ തേടി സിനിമാ,ലോകം എത്തുകയായിരുന്നു.ജോഷി സംവിധാനം ചെയ്ത ദുബായ്, ലാല്‍ ജോസിന്റെ അറബിക്കഥ , ഡയമണ്ട് നെക്ലസ്, അശോക്‌ ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷി,പേര്‍ഷ്യക്കാരന്‍, സലാം ബാപ്പുവിന്റെ റെഡ് വൈന്‍ , തിരുന്തിട കാതല്‍,തിരുട , രാജീവ് നാഥിന്റെ രസം,അനുറാമിന്റെ കല്യാണിസം,  രൂപേഷ് തിക്കൊടിയുടെ മിസ്റ്റെക്ക്, ഷലീല്‍ കല്ലൂരിന്റെ കാട്ടുമാക്കാന്‍, ജയരാജിന്റെ വീരം വിത്യസ്തത നിലനിര്‍ത്തിയ അഭിനയം കാഴ്ചവച്ച ചിത്രങ്ങളായിരുന്നു ഇതെല്ലാം.

1976 ല്‍ രണ്ട് മറാത്തി ചിത്രങ്ങളിലും മിഡില്‍ ഈസ്റ്റ് ബ്രദെഴ്സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചെങ്കിലും പടങ്ങള്‍ പുറത്തിറങ്ങിയില്ല.

റാസല്‍ഖൈമ, ഉമല്‍ ക്യൂവിന്‍ റേഡിയോ തുടങ്ങിയ കാലഘട്ടത്തില്‍  മേനോന്‍ സ്ഥിരമായി പരിപാടികള്‍ അവതരിപ്പിക്കുമായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ഈ കലാകാരന്‍ ഇന്ന് മലയാള സിനിമ രംഗത്ത് സജീവമാകുകയാണ്.

ഇരിങ്ങാലക്കുട ശ്രീനികേതനില്‍ പരേതരായ റിട്ട. ക്യാപ്റ്റന്‍ ബാലചന്ദ്ര മേനോന്റെയും കുമുദത്തിന്റെയും രണ്ടാമത്തെ മകനാണ് സതീഷ്‌. കൂടല്‍ മാണിക്ക്യം പടിഞ്ഞാറേ നടയിലെ സംഗമേശ്വര വിലാസം റോഡില്‍ സാരംഗിയില്‍ ഭാര്യ സുനന്ദയുമൊത്ത് താമസിക്കുന്ന സതീഷിന്റെ മൂത്തമകള്‍ ഭര്‍ത്താവിനൊപ്പം ലണ്ടനിലും, രണ്ടാമത്തെ മകള്‍ ഭര്‍ത്താവുമൊത്ത് ദുബായിലുമാണ്.ഏക മകന്‍ ദുബായിയില്‍

ഇനിയുള്ള നാളുകള്‍ സിനിമ,അഭിനയ രംഗത്ത് നീണ്ട വര്‍ഷത്തെ അഭിനയ പാരമ്പര്യവുമായി അരങ്ങില്‍ നിന്ന് അഭ്രപാളികളില്‍ ചുവടുറപ്പിച്ച ഈ കറകളഞ്ഞ അതുല്യ പ്രതിഭയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

 

 

Prathibaka

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *