Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു

By on January 17, 2018

മുരിയാട് : വിരുന്നുകാരായ ദേശാടനപ്പക്ഷികള്‍ കോള്‍പ്പാടങ്ങളില്‍നിന്ന് പറന്നകലുകയാണ്. തനത് ആവാസവ്യവസ്ഥകളിലുണ്ടായ കടന്നുകയറ്റവും പരിസ്ഥിതിവ്യതിയാനവുമെല്ലാം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് കൗണ്ടിന്റെ ഭാഗമായി ജനുവരിമാസത്തില്‍ തൃശ്ശൂര്‍,മുരിയാട്,പൊന്നാനി കോള്‍പ്പാടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തല്‍.

77 വര്‍ഗങ്ങളിലായി 29,805 പക്ഷികളെയാണ് ഈവര്‍ഷത്തെ സര്‍വേയില്‍ കോള്‍പ്പാടങ്ങളില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 74 ഇനങ്ങളിലായി 48,312 പക്ഷികളെയാണ് കണ്ടെത്തിയത്. 18,507 പക്ഷികളുടെ എണ്ണം കുറവാണ് ഇക്കുറി. താറാവുകളുടെ ഇനത്തില്‍പ്പെട്ട എരണ്ട, നീര്‍കാക്ക, മുണ്ടി (വെള്ളക്കൊക്ക്) എന്നീ പക്ഷികളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുണ്ടായത്. 2016-ല്‍ 31,781 പക്ഷികളെയും 2015-ല്‍ 55,144 പക്ഷികളെയുമാണ് കണ്ടെത്തിയത്. അടാട്ട്, ഏനാമാവ്, പാലയ്ക്കല്‍, മുരിയാട് പാടശേഖരം, തൊമ്മാന, മുള്ളൂര്‍ക്കായല്‍, മനക്കൊടി, പുല്ലഴി, ബിയ്യം കായല്‍, ഉപ്പുങ്ങല്‍, മാറഞ്ചേരി എന്നിവിടങ്ങളിലെ കോള്‍പ്പാടങ്ങളെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. ഈ പ്രദേശങ്ങളിലായി 13,000 ഹെക്ടര്‍ കോള്‍പ്പാടങ്ങളുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ കടലാസുകളില്‍ എഴുതിവെച്ച് ഫയല്‍ ചെയ്യുന്ന സമ്പ്രദായമായിരുന്നു. എന്നാല്‍ ഈവര്‍ഷം ഇ-ബേഡ് എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവരങ്ങളെല്ലാം ഡിജിറ്റലയ്സ് ചെയ്തു. ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യവുമാണ്. കേരള വനംവകുപ്പ്, കാര്‍ഷിക സര്‍വകലാശാല, പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ കോള്‍ ബേഡേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ആലപ്പുഴ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ബേഡേഴ്സ് എഴുപുന്ന, കാര്‍ഷിക സര്‍വകലാശാലയിലെ ചില്ല നാച്വര്‍ ക്ലബ്ബ്, കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, കാസര്‍കോട് ബേഡേഴ്സ്, കേരള ബേഡേഴ്സ്, കിഡൂര്‍ ബേഡേഴ്സ്, കോട്ടയം നാച്വര്‍ സൊസൈറ്റി, മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, മലപ്പുറം ബേഡേഴ്സ്, ഇന്ത്യന്‍ ബേഡ് കണ്‍സര്‍വേഷന്‍ നെറ്റ് വര്‍ക്ക്, ബേഡ് കൗണ്ട് ഇന്ത്യ ആന്‍ഡ് ദി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, കോളേജ് ഓഫ് ഫോറസ്ട്രി തുടങ്ങിയവരും സര്‍വേയില്‍ സഹകരിച്ചു. എ.ഡബ്ല്യു.സി. കേരള സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും കാര്‍ഷിക സര്‍വകലാശാല വന്യജീവിവിഭാഗം പ്രൊഫസറുമായ ഡോ. പി.ഒ. നമീര്‍, കെ.ജി. ദിലീപ്, എസ്. രാജു, ഇ.എസ്. ജയചന്ദ്രന്‍, ഷിനോ ജേക്കബ്, കെ. മുകുന്ദന്‍, ആര്‍. പ്രേംചന്ദ്, വിഷ്ണു കര്‍ത്താ, മനോജ് കരിങ്ങാമഠത്തില്‍ തുടങ്ങിയവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. 11 സംഘങ്ങളായി 170-ല്‍ അധികം പേരാണ് സര്‍വേ നടത്താനിറങ്ങിയത്.

പാടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പക്ഷികളുടെ വരവിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ സമ്മതിക്കുന്നു. വാസസ്ഥലങ്ങളില്‍ ആളുകളെത്തുമ്പോള്‍ ഇവ ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയാവും. നിയമം ലംഘിച്ച് കോള്‍പ്പാടങ്ങളില്‍ നടത്തുന്ന കെട്ടിടനിര്‍മാണങ്ങള്‍ പക്ഷികളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നു. ജലലഭ്യതക്കുറവും മറ്റൊരു കാരണമാണ്. തൃശ്ശൂരിലെ അടാട്ട്, ഏനാമാവ്, പുല്ലഴി,മുരിയാട് കോള്‍പ്പാടങ്ങളില്‍ നെല്ല് മുളച്ചുതുടങ്ങിയതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് ഇരതേടാന്‍ പക്ഷിക്കൂട്ടമെത്തുന്നത് കുറവാണെന്ന് ഡോ. പി.ഒ. നമീര്‍ പറഞ്ഞു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *